banner

ആശങ്ക വേണ്ട, പരിശോധിച്ച 61 നിപ സാംപിളുകളും നെഗറ്റീവ്

കേരളത്തിന് ആശ്വാസം പകര്‍ന്ന് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലങ്ങള്‍. ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പരിശോധനക്കയച്ച 61 ഫലങ്ങളും നെഗറ്റീവായി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. 64 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപാ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.

നിപ സമ്പര്‍ക്ക പട്ടികയിലുള്ള 16 പേരുടെ പരിശോധന ഫലം ഇന്നലെ നെഗറ്റീവായിരുന്നു. പരിശോധന ഫലം നെഗറ്റീവായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ വീട്ടിലേക്കു മാറാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വീടുകളില്‍ എത്തിയാലും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധന ഫലമുള്‍പ്പെടെയാണ് ഇന്ന് പുറത്ത് വന്നത്.

അതിനിടെ, നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിനേഷന്‍ നാളെ പുനരാരംഭിക്കും. എന്നാല്‍ നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ ഉണ്ടാകില്ല.




Post a Comment

0 Comments