banner

കൊവിഡ് ഭേദമായിട്ടും മണം തിരിച്ചു വരാതെ ബുദ്ധിമുട്ടുന്നവരുണ്ടോ? പരിഹാരവുമായി ആരോഗ്യ വിദഗ്ധൻ

കൊവിഡ് ബാധിക്കുന്നവരില്‍ മിക്കവരിലും ഉണ്ടാവുന്ന ഒന്നാണ് മണം നഷ്ടപ്പെടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മിക്കവര്‍ക്കും മണം തിരികെ ലഭിക്കുകയും ചെയ്യും. എന്നാല്‍, ചിലര്‍ക്ക് മണം തിരികെ ലഭിക്കാന്‍ നാളുകള്‍ എടുക്കുന്നു. ഇങ്ങനെ നഷ്ടപ്പെട്ട മണം തിരിച്ചു കിട്ടാന്‍ വൈകുന്നതിനു പരിഹാരമായി ചില പൊടികൈകള്‍ നിര്‍ദേശിക്കുകയാണ് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. ഷിബു ജോര്‍ജ്. നാരങ്ങാ, റോസാപ്പൂവ്, യൂക്കാലിപ്റ്റ്‌സ്, കരയാമ്പു തുടങ്ങിയവയുടെ ഗന്ധം മാറിമാറി 20 സെക്കന്‍ഡ് രാവിലെയും വൈകിട്ടും ശ്വസിച്ചാല്‍ നഷ്ടപ്പെട്ട മണം വൈകാതെ തിരികെ ലഭിക്കുമെന്ന് ഡോക്ടര്‍ പറയുന്നു.

ഒട്ടും പണചെലവില്ലാതെയും ആര്‍ക്കും പരീക്ഷിക്കാന്‍ കഴിയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ് ശതമാനം ശാസ്ത്രീയം എന്ന് പറയാന്‍ കഴിയില്ലെങ്കിലും മണം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ പണ്ടുമുതല്‍ തുടര്‍ന്നുവരുന്ന ഈ മാര്‍ഗം കൊവിഡ് മൂലം മണം നഷ്ടപ്പെട്ടവര്‍ക്കും മണം തിരിച്ചുകിട്ടാന്‍ സഹായിക്കാമെന്നും ഡോ. ഷിബു ജോര്‍ജ് പറഞ്ഞു.

കൊവിഡ് വൈറസുകള്‍ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുമ്പോള്‍ മൂക്കിനുള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും മൂക്ക് അടയുകയും ചെയ്യും. ഇങ്ങനെയാണ് മണം നഷ്ടപ്പെടുന്നത്. ശ്വാസം വലിക്കുന്നതിന്റെ തുടക്കത്തിലെ ഞരമ്പുകളുടെ സെല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലവും ഞരമ്പുകളുടെ തകരാര്‍ മൂലവും മണം ലഭിക്കാതിരിക്കാം. 

ജലദോഷം പോലുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മണം നഷ്ടപെടാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മണം തിരിച്ച് കിട്ടും. കൊവിഡ് വന്നപ്പേഴാണ് ദീര്‍ഘനാള്‍ മണം ലഭിക്കാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. സാധാരണ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സ്റ്റിറോയ്ഡ് മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഒപ്പം വൈറ്റമിന്‍ എ, ഓമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയും നല്‍കാം. എന്നാല്‍ ഇവ മണം തിരിച്ചു കിട്ടുന്നതിനു പൂര്‍ണമായി ഗുണം ചെയ്യുന്നതല്ല. കൊവിഡ് രോഗികളുടെ മുരുന്നു പ്രോട്ടോക്കോളില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ ഇവ കൊവിഡ് ബാധിതര്‍ക്ക് നല്‍കുന്നതില്‍ തടസ്സമുണ്ട്.

Post a Comment

0 Comments