കൊല്ലം : തൃക്കോവിൽവട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിൽ വീഴ്ച്ച. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് കാൽമുട്ടിൽ. ഒന്നര വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ. കൊല്ലം, മുഖത്തല സ്വദേശി മുഹമ്മദ് ഹംദാൻ ആശുപത്രിയിൽ ചികിത്സയിൽ.
തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇത്തരത്തിലൊരു ഗുരുതരമായ പിഴവ് ഉണ്ടായത് . മുഖ്യമന്ത്രി,ആരോഗ്യമന്ത്രി,ഡിഎംഒ എന്നിവർക്ക് പരാതി നൽകി കുടുംബം. കുത്തിവയ്‌പ്പെടുത്ത സ്ഥലം മാറിയത് കുട്ടി കാൽ വലിച്ചത് കൊണ്ടാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണ രംഗത്തെത്തിയത്, ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം അറിയിച്ചത്.
അഡ്വ. ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം....👇
കൊല്ലം തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഒന്നര വയസ്സുള്ള പിഞ്ചോമന മകൻ മുഹമ്മദ് ഹംദാന് വാക്സിൻ നൽകുന്നതിൽ പിഴവ് പറ്റിയ സാഹചര്യത്തിൽ ഹംദാൻ്റെ ചികിത്സാ ചിലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കണം. കുഞ്ഞിൻ്റെ തുടയിൽ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ കാൽമുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതർ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛൻ്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്.
ഹംദാൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസറും വിലയിരുത്തണം. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും ആരോഗ്യ വകുപ്പ് തയ്യാറാകണം. വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ വീഴ്ച വരുത്തിയവരെ ശാസിച്ചു എന്ന് എഴുതി പരാതി അവസാനിപ്പിക്കാതെ കുട്ടിയുടെ ആരോഗ്യസ്ഥിതിക്ക് അടിയന്തിര പ്രാധാന്യം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം. ആ പിഞ്ചുമകൻ്റെ കുടുംബം അനുഭവിക്കുന്ന വേദന സർക്കാർ സംവിധാനങ്ങൾ മനസ്സിലാക്കണം.
0 Comments