banner

സിപിഐഎം ഓഫീസിന് നേരെ ബിജെപി ആക്രമണം; നിരവധി വാഹനങ്ങളും കത്തിച്ചു, സംഭവം ത്രിപുരയില്‍

ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍. അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിനും ദേശര്‍ കഥ പത്രത്തിന്റെ ഓഫീസിന് നേരെയുമാണ് ആക്രമണമുണ്ടായത്. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപണം.

പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബിജെപി അക്രമികള്‍ കത്തിച്ചു. ജയ്ശ്രീറാം വിളികളോടെയാണ് ആക്രമണം നടന്നതെന്നും ദൃശ്യങ്ങള്‍ സഹിതം സിപിഐഎം അറിയിച്ചു. ജയ് ശ്രീറാം വിളിച്ചുകൊണ്ടു ത്രിപുര വെസ്റ്റ് ജില്ലാ ഓഫീസ് ആക്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. സംസ്ഥാന നേതാക്കളുടേത് അടക്കം നിരവധി പ്രവര്‍ത്തകരുടെ വീടിന് നേരെയും അക്രമണമുണ്ടായി. സിപിഐഎം നേതാവ് പാര്‍ത്ഥ പ്രതീം മജുംദാറിന്റെ വീടാണ് അക്രമികള്‍ തകര്‍ത്തത്.

പൊലീസിനെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് സിപിഐഎം അറിയിച്ചു. ഈ ഭീരുത്വ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഐഎമ്മിനെ അടിച്ചമര്‍ത്തുന്നതിനും നിശബ്ദമാക്കുന്നതിനുമുള്ള ഒരു ഫാഷിസ്റ്റ് ആക്രമണമാണ് നടക്കുന്നത്. ഇതൊരിക്കലും വിജയിക്കില്ല. പ്രതിഷേധ ശബ്ദങ്ങളെ ബിജെപി ഭയക്കുകയാണെന്നും അതുകൊണ്ടാണ് അക്രമം അഴിച്ചുവിടുന്നതെന്നും സിപിഐഎം പറഞ്ഞു.

കഴിഞ്ഞ ദിവസം ത്രിപുര മുന്‍മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

Post a Comment

0 Comments