ഗുരുതരമായ ആരോപണങ്ങളാണ് അടുത്തിടെ ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ചത് തുടർന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തുകയായിരുന്നു. ഇതിൽ നഗരത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പോലീസിൻ്റെ സഹായം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഇന്റലിജന്‍സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുത്തിടെ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മെഡിക്കല്‍ കോളജ്, പേട്ട സ്റ്റേഷന്‍ പരിധികളിലെ ചില കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
മാത്രമല്ല, തങ്ങളുടെ ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഒത്താശയോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പോലീസിനെ കൊണ്ട് കേസെടുപ്പിക്കുകയാണ് ചെയ്യുന്നത്. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പോലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments