banner

KMML എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

 
കെഎംഎംഎൽ എംപ്ലോയീസ് സഹകരണ സംഘം ലിമിറ്റഡ് ക്യു 595-ന്റെ സെക്രട്ടറി സ്ഥാനത്ത് നിന്നും, സൊസൈറ്റി ബോർഡ്‌ അംഗത്വത്തിൽ നിന്നും, കെഎംഎംഎൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജോയിന്റ് സെക്രട്ടറിയും, സിപിഎം മേക്കാട് നോർത്ത് ബ്രാഞ്ച് കമ്മറ്റി അംഗവുമായ അജിത് മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ ഉൾപ്പടെയുള്ളവർക്ക്‌ പരാതി നൽകി. പന്മന സ്വദേശിയും, ഡിഎംകെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പന്മന മഹേഷ്‌ ആണ് പരാതി നൽകിയത്.

കെഎംഎംഎൽ എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി അജിത് മോഹനെതിരെ ഇത് കൂടാതെ, 2017 ഒക്ടോബറിൽ  സഹകരണ സംഘം ലിമിറ്റഡിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച സിഐടിയു പാനലിൽ നിന്നും സിപിഎം ചവറ ഏരിയ നേതൃത്വത്തിന്റെ സ്വാധീനത്തിലാണ് കെഎംഎംഎൽ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിന്റെയും, പാർട്ടിയിലേയും യൂണിയനിലേയും പ്രമുഖ വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകളെ അവഗണിച്ചാണ് സിഐടിയു ചവറ ഏരിയ പ്രസിഡന്റ് കൂടിയായ സിപിഎം ചവറ ഏരിയ സെന്ററിലെ പ്രമുഖ നേതാവിന്റെ മകൻ അജിത് മോഹൻ സെക്രട്ടറി ആയി ചുമതലയേറ്റതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. സെക്രട്ടറി ആയി ചുമതലയേറ്റ ഉടൻ തന്നെ സിപിഎം ഏരിയ നേതൃത്വത്തിന്റെ പിന്തുണയോട് കൂടി പ്രസിഡന്റ് ഉൾപ്പടെയുള്ള മറ്റു ബോർഡ്‌ അംഗങ്ങളെ നോക്കുകുത്തികളാക്കി സൊസൈറ്റി ഭരണം അജിത് മോഹൻ ഏറ്റെടുത്തെന്നും, വരവ് ചിലവ് കണക്കിൽ തിരിമറി നടത്തിയും നിലവാരം കുറഞ്ഞ സാധനങ്ങൾ തുച്ഛമായ വിലക്ക് വാങ്ങി വലിയ വിലക്കു കെഎംഎംഎല്ലിലേക്കും, കെഎംഎംഎൽ കാന്റീൻനിലേക്കും, സൊസൈറ്റി അംഗങ്ങൾക്കും വില്പന നടത്തിയും, സൊസൈറ്റിയിലെ സാധനങ്ങൾ മറിച്ചു വില്പന നടത്തിയും അജിത് മോഹൻ അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നും ആരോപിച്ചു ‌ മഹേഷ് സഹകരണ വകുപ്പ് മന്ത്രിക്കു മുൻപ് പരാതി നൽകിയിരുന്നു. ഈ പരാതിയിൻമേൽ സഹകരണ സംഘം കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീസിലെ യൂണിറ്റ് ഇൻസ്‌പെക്ടർ നടത്തിയ മിന്നൽ പരിശോധനയിൽ സൊസൈറ്റി സെക്രട്ടറി അജിത് മോഹൻ ഉൾപ്പെടെയുള്ള പതിനേഴുപേർ പതിനാറു ലക്ഷത്തോളം രൂപ സൊസൈറ്റിയിൽ നിന്നും സാധനം വാങ്ങിയ വകയിൽ ഒരു വർഷത്തിൽ അധികമായി കുടിശിക വരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഇവരിൽ ഏറ്റവും ഉയർന്ന തുക ആയ ഒരു ലക്ഷത്തിയിരുപതിനായിരം രൂപ കുടിശിക വരുത്തിയത് സൊസൈറ്റി സെക്രട്ടറി ആയ അജിത് മോഹനാണ്. ഇൻസ്‌പെക്ടർ നടത്തിയ മിന്നൽ പരിശോധനയിൽ അജിത് മോഹന്റെ അറിവോടെ നടന്ന നിരവധി ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും കണ്ടെത്തിയെങ്കിലും സിപിഎം ഏരിയ നേതൃത്വം ഉന്നത സ്വാധീനം ചെലുത്തി തുടരന്വേഷണങ്ങൾ നിറുത്തി വെപ്പിച്ചു അജിത് മോഹനെ സംരക്ഷിക്കുകയാണെന്നാണ് എംപ്ലോയീസ് യൂണിയൻ നേതൃത്വം ഉൾപ്പടെ ആരോപിക്കുന്നത്.
സഹകരണ ചട്ടപ്രകാരം സൊസൈറ്റി ബോർഡ്‌ അംഗങ്ങളോ, ഭാരവാഹികളോ ആറുമാസത്തിലധികം ഏതെങ്കിലും തരത്തിലുള്ള കുടിശിക വരുത്തിയാൽ കാരണം കാണിക്കൽ കൂടാതെ തന്നെ ഭാരവാഹിത്വത്തിൽ നിന്നും, ബോർഡ്‌ അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നാണ്. എന്നാൽ ഒരു വർഷത്തിലധികമായി ലക്ഷങ്ങൾ കുടിശിക വരുത്തിയ അജിത് മോഹനെ സൊസൈറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും ബോർഡ്‌ മെമ്പർ സ്ഥാനത്തു നിന്നും പുറത്താക്കാത്തത് സിപിഎം ചവറ ഏരിയ നേതൃത്വത്തിലെ ഉന്നതന്റെ മകനായത് കൊണ്ട് പാർട്ടിയുടെ ഏരിയ നേതൃത്വം സംരക്ഷിക്കുന്നതിനാലാണ്.

അജിത് മോഹനെതിരായി പരാതി ഉയർന്ന സമയത്തു തന്നെ കെഎംഎംഎൽ എംപ്ലോയീസ് യൂണിയൻ സിഐടിയു എക്സിക്യൂട്ടീവ് കമ്മറ്റി കൂടി അജിത് മോഹന്റെ സ്വത്ത്‌ വിവരങ്ങളും സൊസൈറ്റി തിരിമറിയും ഉൾപ്പടെ അന്വേഷിക്കാൻ മൂന്ന് അംഗ അന്വേഷണം കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണത്തേയും സിപിഎം ചവറ ഏരിയ നേതൃത്വം ഇടപെട്ടു മരവിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി ഏരിയ കമ്മിറ്റിയെ എതിർത്തു യൂണിയൻ നേതൃത്വം അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ അജിത് മോഹനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്നും വളരെ താമസിയാതെ പുറത്തു പോകുമെന്നുമാണ് അജിത് മോഹനുമായി അടുപ്പമുള്ള യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങൾ പറയുന്നത്. കെഎംഎംഎൽ എംപ്ലോയീസ് യൂണിയൻ അംഗത്വത്തിൽ നിന്നും അജിത് മോഹൻ പുറത്തയാൽ സിഐടിയുവിന്റെ അടുത്ത ജനറൽ സെക്രട്ടറി ആയി അജിത് മോഹനെ കൊണ്ട് വന്നു സിപിഎം ചവറ ഏരിയ നേതൃത്വത്തിനു ബാലികേറാമല ആയ കെഎംഎംഎൽ എംപ്ലോയീസ് യൂണിയൻ പിടിക്കാനുള്ള സിപിഎം, സിഐടിയു ചവറ ഏരിയ നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകും.

Post a Comment

0 Comments