banner

എം. സ്വരാജിൻ്റെ കാര്യത്തിൽ പാർട്ടിക്ക് തെറ്റിയതായി റിപ്പോർട്ട്: പരാതിയുമായി സിപിഎം ജില്ലാ നേതൃത്വം

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി എം.സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന പരാതി ഉന്നയിച്ച് സിപിഎം ജില്ലാ നേതൃത്വം. തൃപ്പൂണിത്തുറയിലെ തോൽവി അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഐക്കെതിരെ പരാതി ഉന്നയിച്ചത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ നടന്നു. ഇതിൽ അന്വേഷണ റിപ്പോർട്ടുകളും വച്ചു. ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് തന്നെ സിപിഐ വോട്ടുകൾ സ്വരാജിന് ലഭിച്ചില്ലെന്ന പരാതി നേരിട്ട് ഉന്നയിച്ചു. ഉദയംപേരൂരിൽ സിപിഐയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂർ. ഒരുവട്ടം ഒഴിച്ചാൽ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ സിപിഎമ്മിനുള്ളിൽ വലിയ വിഭാഗീയത ഉണ്ടായിരുന്നു. അത് കയ്യാങ്കളിയിലേക്ക് അടക്കം പോയി. അതിനൊടുവിൽ അന്നത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ ഉൾപ്പടെയുള്ളവർ സിപിഐയിലേക്ക് പോകുകയാണ് ഉണ്ടായത്.

കുറേക്കാലമായി പിന്നെ പ്രശ്നങ്ങളില്ലായിരുന്നു. പാർട്ടി വിട്ടുപോയവർ ഈ പ്രാവശ്യം നിസ്സഹകരിച്ചു. തോൽവിക്ക് കാരണമായ വീഴ്ചയുടെ പേരിൽ ജില്ലാ കമ്മിറ്റി അംഗം സി.എൻ സുന്ദരനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇന്നലെ നീക്കി. സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെതിരേ നടപടിയുണ്ടായത്. പാർട്ടിയുടെ ശക്തികേന്ദ്രമായ എരൂരിൽ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു പരാതികൾ വന്നത്. മുതിർന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷൻ. തുടർഭരണം കിട്ടിയപ്പോഴും സ്വരാജിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.


Post a Comment

0 Comments