banner

'സിപിഐഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കണം'; ശോഭാ സുരേന്ദ്രന്‍

സിപിഐഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നാര്‍ക്കോട്ടിക്ക്് ജിഹാദ് ചര്‍ച്ചയിലെ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.

ശോഭ സുരേന്ദ്രന്‍ പറഞ്ഞത്: ''നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്‍പ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയത് മറക്കരുത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും NIA യും കേരളത്തില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാന്‍ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതം.''

അതേസമയം, ജിഹാദ് വിവാദത്തിന് തുടക്കമിട്ട പാലാ ബിഷപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തി. മതാധ്യക്ഷന്മാര്‍ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്ഥാവനയെന്നാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.

'മാന്യത നിലനിര്‍ത്തുന്നതും, വിദ്വേഷം ഉണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വം'. എന്നാല്‍ ഉന്നയിച്ച വിഷയത്തോട് മറുപടി പറയാനില്ല. 'മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വിമര്‍ശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതവും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖപ്രസംഗത്തിലാണ് ബിഷപ്പിനെതിരെ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. പാലാ ബിഷപ്പ് നടത്തിയ അതിഭീകരമായ വര്‍ഗീയ വിഷംചീറ്റലാണ്. ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കന്മാര്‍ നടത്തിയ മൗനം കുറ്റകരമാണ്. ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത ഭരണകൂട ഉദാസീനതയെയും വിലയിരുത്തേണ്ടതുണ്ടെന്നും വിഷംചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസ്സുകളും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

0 Comments