banner

പെണ്‍കുട്ടികള്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക വഴി, നടുവില്‍ കര്‍ട്ടന്‍; അഫ്ഗാനില്‍ ക്ലാസുകള്‍ തുടങ്ങി

ഭീകരസംഘടനയായ താലിബാന്‍ അധികാരത്തിലെത്തിയ അഫ്ഗാനിസ്ഥാനില്‍ കടുത്ത നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വകലാശാലകളില്‍ അധ്യയനം തുടങ്ങി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടന്‍ സ്ഥാപിച്ച് വേര്‍തിരിച്ചിരിക്കുന്ന ക്ലാസ് മുറികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അമാജ് ന്യൂസ് ഏജന്‍സിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ക്ലാസ്മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച താലിബാന്‍ പുറപ്പെടുവിച്ചിരുന്നു. 

പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കണമെന്നും കണ്ണുകളൊഴികെ മുഖം മൂടിയിരിക്കണമെന്നും ഈ സര്‍ക്കുലറിലുണ്ട്. വ്യത്യസ്ത ക്ലാസ്മുറികള്‍ പ്രായോഗികമല്ലെങ്കില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് ക്ലാസ്മുറികള്‍ രണ്ടായി തിരിക്കണം, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരെ നിയോഗിക്കണം, അധ്യാപികമാര്‍ ലഭ്യമല്ലെങ്കില്‍ മുതിര്‍ന്ന അധ്യാപകരെയും നിയോഗിക്കാം. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം വഴിയിലൂടെയായിരിക്കണം വിദ്യാലയങ്ങളിലേക്ക് എത്തേണ്ടത്. ആണ്‍കുട്ടികള്‍ വിദ്യാലയം വിട്ടുപോയതിന് മാത്രമേ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാവൂ, ഓരോ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥിനികളുടെ എണ്ണം അനുസരിച്ച് അധ്യാപികമാരെ നിയമിക്കണമെന്നും താലിബാന്റെ ഉത്തരവില്‍ പറയുന്നുണ്ട്. 


Post a Comment

0 Comments