banner

ആനത്താവളങ്ങളിൽ അഭയം പ്രാപിച്ച് പ്രതികൾ, കൈയ്യോടെ പൊക്കി പൊലീസ്; കൊല്ലത്ത് വധശ്രമക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

*പിടിയിലായ പ്രതികൾ

കൊല്ലം : മധ്യസ്ഥ ചർച്ചകൾക്കായി വിളിച്ചു വരുത്തിയ ശേഷം യുവാക്കളെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽപ്പെട്ട മൂന്നു പേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ടു പേർ സഹോദരങ്ങളാണ്. കൊറ്റങ്കര പേരൂർ വയലിൽ പുത്തൻവീട്ടിൽ ആരോമൽ എന്നു വിളിക്കുന്ന മിഥുൻ (20) ഇയാളുടെ സഹോദരൻ അമ്പാടി എന്നു വിളിക്കുന്ന നിതിൻ (23) വയലിൽ പുത്തൻവീട്ടിൽ ചെമ്പകം എന്നു വിളിക്കുന്ന സുമേഷ് (2I) എന്നിവരാണ്അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 31 ന് പുന്തല ത്താഴം ആമക്കോട്ടുള്ള തെങ്ങിൻ പുരയിടത്തിൽ വച്ച് മാമൂട് ചരുവിള പുത്തൻവീട്ടിൽ  ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ മാരകമായിആക്രമിച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.ആഗസ്റ്റ് മുപ്പതിന് പുന്തല ത്താഴത്തെ സർക്കാർ മദ്യവിൽപ്പനശാലയ്ക്കടുത്തു വച്ച് കൂട്ടുകാർ തമ്മിലുണ്ടായ വാeക്കറ്റത്തിൽ മധ്യസ്ഥ ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞ് ആമക്കോട്ടേയ്ക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമീഷണർ റ്റി.നാരായണന്റെയും, അസി.കമ്മീഷണർ സോണി ഉമ്മൻ കോശിയുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രുപീകരിച്ച് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അയ്യായിരത്തോളം ടെലിഫോൺ നമ്പരുകൾ പരിശോധിച്ചാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. 

ആക്രമണ ശേഷം ജില്ല വിട്ട പ്രതികളിൽ ഒരാളായ നിഥിൻ പത്തനംതിട്ട ജില്ലയിലെ പെരുമ്പട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരു തടിമില്ലിലെ ആനയുടെ പാപ്പാന്റെ സഹായിയായും, മിഥുനും,സുമേഷും കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിനടുത്ത് പുന്നത്തറയിൽ ആനകൾക്ക് മദപ്പാടുണ്ടാകുമ്പോൾ കെട്ടിയിട്ട് ചികിൽസ നടത്തുന്ന സ്ഥലത്ത് ആന ചികിത്സകരുടെ സഹായികളാക്കും ജോലി നോക്കി വരികയായിരുന്നു. 

ആന ഉടമകളുടെ സംഘടനകളുടെയും,ആനപാപ്പാൻമാരുടെയും, ആനപ്രേമികളുടെയും സഹായത്തോടെയാണ് പ്രതികളെ കിളികൊല്ലുർ പൊലീസ് പിടികൂടിയത്. പുന്തലത്താഴത്തെ മദ്യവിൽപ്പനശാലയ്ക്ക് സമീപം തമ്പടിച്ച് മദ്യം വാങ്ങാനെത്തുന്നവരെ വിരട്ടി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂർ എസ്.എച്ച്.ഓ.വിനോദ് കെ., എസ്.ഐമാരായ അനീഷ് എ.പി., ശ്രീനാഥ്, എ.എസ്.ഐ. ജിജു, സി.പി.ഓ. സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.  

Post a Comment

0 Comments