banner

ശ്വാസകോശാർബുദത്തിൻ്റെ ലക്ഷണങ്ങൾ അറിയാതെ പോകരുത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. കാന്‍സര്‍ വകഭേദങ്ങളിലെ ഏറ്റവും അപകടകാരികളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. എന്നാല്‍ ശ്വാസകോശാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ രോഗം നിര്‍ണയിച്ച ശേഷം ചികിത്സിച്ചു മാറ്റാനുള്ള സാധ്യതയ്ക്ക് അതു മങ്ങലേല്‍പ്പിക്കുന്നു. പുകവലിയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലിക്കാര്‍ക്കു മാത്രമല്ല പുകവലിക്കാരോടു സമ്പര്‍ക്കമുള്ളവര്‍ക്കും ഇത് അപകടമുണ്ടാക്കും. സിഗരറ്റിലെ കാര്‍സിനോജനുകളാണ് കാന്‍സറിനു കാരണമാകുന്നത്. പുകവലിക്കുമ്പോള്‍ ശ്വാസകോശത്തിലെ കോശങ്ങളെ അവ നശിപ്പിക്കും. പുകവലിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് 15 മുതല്‍ 30 വരെ മടങ്ങ് അധികമാണ്.

വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം, ഭാരം ക്രമാതീതമായി കുറയുക, എല്ലുകള്‍ക്ക് വേദന, കഠിനമായ തലവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍. ശ്വാസകോശാര്‍ബുദം വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ചൊരു മാര്‍ഗമാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നത്. ആന്റ്റിഒക്‌സിഡന്റ്‌റുകള്‍, ഫോളേറ്റ്, പ്രോട്ടീന്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക. 

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.അന്തരീക്ഷത്തില്‍ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കണം. 

അര്‍ബുദ രോഗം വരാതിരിക്കാന്‍ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലി. പുകവലിക്കുന്നതിലൂടെ ശ്വാസകോശാര്‍ബുദം വരാനുളള സാദ്ധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ പുകവലി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

ശ്വാസകോശാര്‍ബുദം സംബന്ധിച്ച് വരാന്‍ സാദ്ധ്യതയുളള രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണുക. വേണ്ട പരിശോധനകള്‍ നടത്തി ആവശ്യമുളള ചികിത്സ യഥാസമയം തേടണം.

Post a Comment

0 Comments