Latest Posts

കോൺഗ്രസ്സിനൊരു പ്രസിഡൻ്റുണ്ടോ?, ചോദ്യമുന്നയിച്ച് കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ | POLITICAL STORY

പഞ്ചാബിലെ കോൺഗ്രസിൻ്റെ അവസ്ഥ പരിതാപകരമെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനെയും സിബൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കപിൽ സിബൽ പഞ്ചാബിലെ കോൺഗ്രസ്സിനെ പറ്റിയുള്ള ആശങ്ക വ്യക്തമാക്കിയത്.

മാത്രമല്ല, രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങളുള്ള നേതാക്കളാണ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നത്. പാർട്ടിയിൽ തീരുമാനങ്ങൾ കൈകൊള്ളുന്ന ആരാണെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ്സ് പാർട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബൽ ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടിക്ക് പഞ്ചാബിൽ സംഭവിച്ചത് എന്താണെന്ന്, ഇതെല്ലാം എന്തിലേക്ക് ചൂണ്ടിക്കാട്ടുന്നതെന്നും സിബൽ ചോദിച്ചു.

ഇതെല്ലാം ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടമാണെന്നും. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോൺഗ്രസ് ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഈ നിലയിലെത്തിയതിൽ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ പാർട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാർട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി എം സുധീരൻ പാർട്ടി പദവികൾ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവർത്തകസമിതി ചേരണം. പാർട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചർച്ച പാർട്ടിയിൽ വേണമെന്നും കപിൽ സിബൽ പറഞ്ഞു.

കഴിഞ്ഞ വർഷം പാർട്ടിയിൽ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബൽ അടക്കമുള്ള ജി-23 നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാർത്താസമ്മേളനം വിളിച്ച് താൻ പങ്കുവെക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്. തുടർന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദർ സിങ് പരസ്യമായി രംഗത്തെത്തി.

അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദർ സിങ്ങിന്റെ രാജിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം സിദ്ദുവും രാജിവെച്ചതോടെ അടിമുടി പ്രതിസന്ധിയാണ് പഞ്ചാബിൽ. ഇതിനിടെയാണ് വിമർശനവുമായി കപിൽ സിബൽ രംഗത്തുവന്നത്. നേരത്തെ നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നുവെന്നാണ് മനീഷ് തിവാരിയും രംഗത്തുവന്നിരുന്നു. സിദ്ധു വിഷയത്തിലായിരുന്നു ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ വിമർശനവുമായി രംഗത്തുവന്നത്.

0 Comments

Headline