Latest Posts

പീ‍ഡനകേസ് ഒതുക്കാൻ ശ്രമിച്ചു, കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥർക്ക് എതിരെ ഇ.ഡി കേസെടുത്തു

തൃശൂർ : പീ‍ഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു നടക്കാതെ വന്നപ്പോൾ പെൺകുട്ടിയ്ക്കെതിരെ വ്യാജ കേസ് ചമച്ച് ഇതിനായി വൻ തുക കൈക്കൂലി വാങ്ങിയ കേസിൽ നാല് പൊലീസ് ഉദ്യോസ്ഥർക്കെതിരെ ഇ.സി കേസ് രജിസ്റ്റർ ചെയ്തു. കേരള പൊലീസിലെ നാലുപേരെ പ്രതിചേർത്തുകൊണ്ട് സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു.

തൻ്റെ മകൻ പ്രതിയായ പീഡനകേസ് കൈക്കൂലി കൊടുത്ത് ഒതുക്കാൻ ശ്രമിച്ച പാറക്വാറി ഉടമയിൽനിന്ന് പണം വാങ്ങിയ ശേഷം ഈ പണത്തിന് വസ്തുതുവകകൾ സമ്പാദിച്ചതായി കാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് ഇ.ഡിയുടെ നടപടി. സംഭവത്തിൽ രണ്ട്‌ പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാല് ഉദ്യോസ്ഥർക്കെതിരെയാണ് വിശദ അന്വേഷണത്തിന് ശേഷം ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് പ്രതി ചേർത്തത്. കൊടകര സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ് എച്ച് ഒ സുരേഷ്‌കുമാർ, എ എസ് ഐ യാക്കൂബ്, വനിതാ സി പി ഒ ജ്യോതി ജോർജ് എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.

തൻ്റെ മകനെതിരെയുള്ള പെൺകുട്ടിയുടെ പീഡന കേസ് ഒത്തുതീർപ്പാക്കാൻ പാറക്വാറി ഉടമ വൻ തുക വാഗ്ദാനം നൽകിയിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ച ഉദ്യോഗസ്ഥർ കേസ് ഒതുക്കാൻ ശ്രമിയ്ക്കുകയും പെൺകുട്ടിയ്ക്കെതിരെ വ്യാജ കേസ് ചമയ്ക്കുകയും ചെയ്തു. ഇതിന് ശേഷം നേരത്തെ വാഗ്ദാനം ചെയ്ത വൻതുക പ്രതിഫലമായി കൈപ്പറ്റുകയും ചെയ്തതായാണ് പൊതുപ്രവർത്തകൻ്റെ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇ.ഡി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതിക്കാരനിൽ നിന്ന് തെളിവുകളും മൊഴിയും സ്വീകരിച്ചു. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ നടപടിയുണ്ടാകുന്നില്ല എന്ന് കാണിച്ച് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ "എന്ത് കൊണ്ട് അറസ്റ്റ് നടന്നില്ല" എന്ന് ചോദിച്ച് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു ഇതിന്  തടിയിട്ടപ്പറമ്പ് പൊലീസ് നൽകിയ സത്യവാങ്മൂലമാണ് പൊലീസുകാർക്ക് കേസ് എതിരെ തിരിയാൻ കാരണമായത്.

പരാതിക്കാരിയായ പെൺകുട്ടി നല്ല സ്വഭാവമുള്ള ആളല്ലെന്നും പണം തട്ടാൻ പീഡനപരാതികൾ കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്റ്റംബർ 30 ന് നൽകിയ സത്യവാങ്മൂലം. എന്നാൽ, കൊടകര പൊലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത് ഒക്ടോബർ ഒന്നിനായിരുന്നു. ഈകേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പോലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നൽകിയത്.

ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈ എസ് പി അന്വേഷിച്ചെങ്കിലും പൊലീസിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാർശ ചെയ്തിരുന്നു. കേസിൽ പൊലീസിന്റെ വേട്ടയാടലിനെത്തുടർന്ന് പെൺകുട്ടി വിദേശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാൻപിടിച്ച അജിത് കൊടകരയെ വെള്ളിക്കുളങ്ങര പൊലീസ് ഗുണ്ടാ പട്ടികയിലുൾപ്പെടുത്തി. വെള്ളിക്കുളങ്ങര സ്റ്റേഷനിൽ അജിത്തിനെതിരേ ഒരു കേസ് പോലും ഇല്ലാതിരിക്കെയാണ് ഗുണ്ടാ പട്ടികയിൽ ഉള്‍പ്പെടുത്തിയത്.

0 Comments

Headline