banner

സ്വര്‍ണ്ണത്തിനായി വയോധികയുടെ ജീവനെടുത്തു, ബന്ധുക്കൾ പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്തെ ഖദീജയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, പതിമൂന്നുകാരനായ മകന്‍ എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലത്തെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഷീജയുടെ മകന്‍ യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

ഇന്നലെ വൈകീട്ട് എട്ടരയോടെയാണ് ഖദീജയുടെ കൊലപാതക വിവരം പുറത്തുവരുന്നത്.
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഖദീജയ്‌ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂര്‍ത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകന്‍ യാസിര്‍ മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ഉച്ചയോടെ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം പണയം വയ്ക്കാന്‍ ഷീജയും മക്കളും എത്തിയിരുന്നു. ഉടമ ഗിരീഷിനും ഇദ്ദേഹത്തിന്റെ സുഹൃത്തും സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച പ്രമോദിനും തോന്നിയ സംശയമാണ് പൊലീസിനെ അറിയിക്കാന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം ഖദീജയുടേതാണ് എന്ന് വ്യക്തമായത്. ബന്ധുക്കളായതിനാല്‍ പരാതിയില്ലെന്ന് ഖദീജ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. വൈകീട്ട് ഇതേ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കാന്‍ യാസിര്‍ എത്തിയതിനെ തുടര്‍ന്ന് പൊലീസ് ഖദീജയുടെ വീട്ടില്‍ അന്വേഷണം നടത്തി. കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ജി സുരേഷ് ഒറ്റപ്പാലം സിഐ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഷീജയെയും മക്കളെയും ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments