അഫ്‌സാന പര്‍വീണ്‍ കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റു. 2014 ബാച്ച് ഐ. എ. എസ് ഉദ്യോഗസ്ഥയാണ്. ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സ്വദേശം ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി.
തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ അസിസ്റ്റന്റ് കലക്ടറായി പരിശീലനം പൂര്‍ത്തിയാക്കി. സബ് കലക്ടറായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം ജില്ലാ വികസന കമ്മിഷണര്‍. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍, വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സി. ഇ. ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ചിത്രരചനയിലും പെയിന്റിംഗിലും പഠനകാലത്ത് സംസ്ഥാനതല പുരസ്‌കാരം നേടിയിട്ടുണ്ട്.
സംഗീതവും നൃത്തവുമാണ് ഒഴിവുകാല വിനോദങ്ങള്‍. ഭര്‍ത്താവ് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. മകന്‍ - അമാന്‍ മാലിക്.
കോവിഡ് പ്രതിരോധത്തിനാണ് പ്രഥമ പരിഗണനയെന്ന് സ്ഥാനമേറ്റ ജില്ലാ കലക്ടര്‍ അറിയിച്ചു. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. പരിസ്ഥിതി സൗഹൃദ പ്രദേശമാക്കി മാറ്റുന്നതിനൊപ്പം ജില്ലയുടെ ശുചിത്വ പരിപാലനവും ഉറപ്പാക്കും. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന് ആത്മാര്‍ത്ഥ പരിശ്രമം ഉണ്ടാകും. എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പുതിയ ജില്ലാ കലക്ടര്‍ പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറില്‍ നിന്ന് ഉച്ചയോടെയാണ് ജില്ലയുടെ നാല്‍പ്പത്തിയെട്ടാമത് കലക്ടറായി ചുമതലയേറ്റത്. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ. ഡി. എം. എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി. ആര്‍. ഗോപാലകൃഷ്ണന്‍, റോയി കുമാര്‍, ജയശ്രീ, ബീനാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments