banner

കൊല്ലത്ത് കുടുംബത്തിൻ്റെ മുന്നിലിട്ട് മത്സ്യതൊഴിലാളിയെ മർദ്ദിച്ച് കൊന്നു

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ബന്ധുക്കളായ യുവാക്കളുടെ മർദ്ദനത്തിൽ മൽസ്യ കച്ചവടക്കാരൻ മരിച്ചു. 

താന്നി : ആദിച്ചമൺ തോപ്പിനടുത്ത് ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ 48 കാരനായ രാജുവാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ രാജുവിനും ഭാര്യയ്ക്കും രണ്ട് മക്കൾക്കും മർദ്ദനമേറ്റിരുന്നു. 

മൽസ്യ കച്ചവടക്കാരനായ രാജു ബന്ധുവായ യുവാവിന് മൽസ്യ കച്ചവടം നടത്തുന്നതിനായി ഒരു പെട്ടി നൽകിയിരുന്നു. ശനിയാഴ്ച പെട്ടി തിരികെ കൊണ്ടുവന്നപ്പോൾ അത് രാജു നൽകിയ പെട്ടിയല്ലെന്ന് കണ്ടെത്തിയതോടെയാണ് വാക്കേറ്റങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇവർ രാജുവിന്റെ സ്കൂട്ടർ തള്ളിയിട്ട് നശിപ്പിച്ചു. സ്കൂട്ടർ ശരിയാക്കി നൽകണമെന്ന് രാജു ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് സംഘടിച്ചെത്തിയ ആറംഗ സംഘം രാജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. 

സംഘടിച്ചെത്തിയ സംഘം രാജുവിന്റെ വീട്ടിലെത്തി ആദ്യം പെൺമക്കളായ മീര, 
ബെസ്ലി എന്നിവരെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത്  ചോദ്യം ചെയ്ത രാജുവിനെയും ഭാര്യ മിനിയേയും സംഘം ആക്രമിക്കുകയായിരുന്നു. 

സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിലത്തു കിടന്ന രാജുവിനെ ആദ്യം കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ രാജു മരണപ്പെട്ടു. 

മരിച്ച രാജുവിന്റെ ഭാര്യയുടെ സഹോദരിമാരുടെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

സംഭവത്തിൽ ഇരവിപുരം പൊലീസ് കേസേടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  



Post a Comment

0 Comments