banner

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊല്ലത്ത് വയോധികൻ അറസ്റ്റിൽ

പരവൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാളോട് ഡോക്ടറാണെന്ന് തെറ്റിധരിപ്പിച്ച് പാരിപ്പളളി മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിലായി. വർക്കല സ്വദേശി സഹീർകുട്ടി (50) ആണ് പോലീസ് പിടിയിലായത്. 

തൃപ്പൂണിത്തുറ സ്വദേശിയായ പുരുഷോത്തമൻ എന്നയാളിനെ പാരിപ്പളളി പ്രാഥമികആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ഇയാൾക്ക് ജോലി വാഗ്ദാനം ചെയ്‌ത് കബളിപ്പിക്കുക ആയിരുന്നു. 

പുരുഷോത്തമന് ജോലി നൽകാമെന്ന് ഫോണിലൂടെ വിശ്വസിപ്പിച്ച പ്രതി പാരിപ്പളളിയിലേക്ക് വരാനും ആവശ്യപ്പെട്ടു. മേൽത്തരം ഏലയ്ക്കായും കുരുമുളകും വാങ്ങിവരാനും പണം പാരിപ്പള്ളിയിൽ വച്ച് നൽകാമെന്നും വിശ്വസിപ്പിച്ചു. പരവൂർ റെയിൽവേസ്റ്റേഷനിൽ എത്തിയ പുരുഷോത്തമനോട് സമീപത്തെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന കടയിൽ പൊതി ഏൽപ്പിച്ച് ആട്ടോയിൽ പാരിപ്പള്ളിക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പാരിപ്പളളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി ആശുപത്രി ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. 
തിരികെ പഴക്കടയിൽ എത്തിയപ്പോൾ അവിടെ ഏൽപ്പിച്ചിരുന്ന സാധനങ്ങൾ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വാങ്ങികൊണ്ട് പോയതായി അറിയാൻ കഴിഞ്ഞു. തുടർന്ന് പരവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ വർക്കല നിന്നും പോലീസ് സംഘം പിടികൂടി. 

സമാന സ്വഭാവമുളള കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് ഇയാൾക്കെതിരെ വർക്കല പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പരവൂർ ഇൻസ്പെക്ടർ നിസാർ.എ, എസ്സ്.ഐ മാരായ നിഥിൻ നളൻ, ഷൂജ, എ.എസ്സ്.ഐ പ്രമോദ്, സി.പി.ഓ മാരായ ശ്യാംലാൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments