banner

ഹരിത സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ടു; ലീഗിനെതിരെ ഹരിത കോടതിയിലേക്ക്

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നേതാക്കള്‍. ലീഗിനെതിരെ കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. 'സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണ്. 

അതിക്രമത്തിനെതിരെ പരാതിപ്പെടാനുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണമെന്നാണ് നിയമം. എന്നിട്ടും പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന് കോടതിയില്‍ ബോധിപ്പിക്കും.' സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതിന്റെ മുന്‍പ് ആരുടെയും വിശദീകരണം കേള്‍ക്കാന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ലെന്നും ഹരിതാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും നീതി ലഭിക്കാന്‍ ഏത് അറ്റംവരെയും പോകുമെന്നും നേതാക്കള്‍ അറിയിച്ചു.

അതേസമയം, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചു. സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പോലും സ്വാതന്ത്ര്യം ലീഗ് നല്‍കുന്നില്ല. ആധുനിക സമൂഹത്തിന് അപമാനമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാന്‍ കഴിയില്ല. സ്ത്രീവിരുദ്ധ സന്ദേശമാണ് ലീഗ് നല്‍കുന്നത്.

 ഇത് ലീഗിന്റെ ആഭ്യന്തര കാര്യമല്ലെന്നും കേരളം ചര്‍ച്ച ചെയ്യേപ്പെടേണ്ടതാണെന്നും എഎ റഹീം വ്യക്തമാക്കി. ഒരു സംഘടനയുടെ ആഭ്യന്തര ജനാധിപത്യം പോലും ലീഗ് നേതൃത്വം അംഗീകരിക്കുന്നില്ല. ലീഗിനെ ആദര്‍ശധീരന്‍മാര്‍ എവിടെ. എംകെ മുനീര്‍ എവിടെ. മുഹമ്മദ് ബഷീര്‍ എവിടെ. ഇവരൊക്കെയാണല്ലോ പലപ്പോഴും ആദര്‍ശം പ്രസംഗിക്കാറ്. കേരള ജനതയ്ക്ക് അപമാനമാണ് തീരുമാനം. ലീഗിന്റെ സ്ത്രീവിരുദ്ധത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇത് സമൂഹം ചര്‍ച്ച ചെയ്യപ്പെടണം. ഹരിതയുടെ പ്രവര്‍ത്തകര്‍ നടത്തിയത് വിപ്ലവകരമായ നീക്കമാണ്. അവര്‍ ഉയര്‍ത്തിയ ശബ്ദം മാതൃകാപരമാണെന്നും റഹീം പറഞ്ഞു.

ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു.

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നത് സംബന്ധിച്ച് പാര്‍ട്ടി എടുത്തത് ശരിയായ തീരുമാനമെന്ന് വിഷയത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി. നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധിയും അവസാനിച്ചതാണെന്നും ഇ.ടി വ്യക്തമാക്കി. പി കെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഹരിത നേതാക്കള്‍. ലീഗ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കും വിധം വനിതാ കമ്മീഷന്‍ പരാതിയെ ഉപയോഗിക്കാനാണ് ഹരിതയുടെ നീക്കം. പരാതി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നേതാക്കളെ പ്രധാനമായും ചൊടിപ്പിച്ചത്.

Post a Comment

0 Comments