banner

കൊവിഡിന് ശേഷം എത്രകാലം ആന്‍റിബോഡികള്‍ സംരക്ഷണം നൽകും? പഠനം പറയുന്നത്

തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി കോവിഡ് ബാധിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ വീണ്ടുമൊരു കോവിഡ് ബാധയില്‍ നിന്ന് അവരെ ആറു മാസം വരെ സംരക്ഷിച്ചു നിര്‍ത്തുമെന്ന് പുതിയ പഠനം. മിഷിഗണ്‍ സര്‍വകലാശാല മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ മൈക്രോബയോളജി സ്പെക്ട്രം ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

ആര്‍ടി-പിസിആര്‍ പരിശോധന വഴി കോവിഡ് സ്ഥിരീകരിച്ച 130 പേരെയാണ് ഗവേഷണത്തിന്‍റെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയത്. ഇവരില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശേഷിക്കുന്നവരെല്ലാം ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലാണ് ചികിത്സിക്കപ്പെട്ടത്. തലവേദന, കുളിര്‍, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ ലഘുവായ ലക്ഷണങ്ങള്‍  മാത്രമേ ഇവര്‍ക്ക് കോവിഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നുള്ളൂ. 

ഇവരില്‍ 90 ശതമാനം പേരിലും കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡി പ്രതികരണം ഉണ്ടായി. കടുത്ത കോവിഡ് ബാധയുണ്ടായവരില്‍ മാത്രമേ ശക്തമായ ആന്‍റിബോഡി പ്രതികരണമുണ്ടാകൂ എന്ന ധാരണയെ പഠനം തിരുത്തുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ മെഡിസിനിലെ അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജി അസിസ്റ്റന്‍റ് പ്രഫസര്‍ ചാള്‍സ് ഷൂളര്‍ പറഞ്ഞു. മൂന്നു മുതല്‍ ആറു മാസം വരെ നീണ്ട നിരീക്ഷണ കാലയളവില്‍ 130 പേരില്‍ ആര്‍ക്കും വീണ്ടും കോവിഡ് വന്നില്ല. മൂന്നാം മാസത്തിലെ ആന്‍റിബോഡി തോതിലും ആറു മാസത്തിന് ശേഷമുള്ള ആന്‍റിബോഡി തോതിലും ഗണ്യമായ മാറ്റമില്ലെന്നും ഗവേഷകര്‍ പറയുന്നു.  ഒരു വര്‍ഷത്തിന് ശേഷം ഇവരുടെ ശരീരത്തിലുള്ള ആന്‍റി ബോഡി പ്രതികരണം പഠിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷണ സംഘം ഇപ്പോള്‍. 

എന്നാല്‍ ഇത് വാക്സീന്‍ എടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്സീന്‍ എടുക്കാത്തവര്‍ക്ക് ഒരിക്കല്‍ കോവിഡ് വന്നാല്‍ കൂടി വീണ്ടും വൈറസ് പിടിപെടാനുള്ള സാധ്യത   വാക്സീന്‍ എടുത്തവരെ അപേക്ഷിച്ച്  2.34 മടങ്ങ് അധികമാണെന്ന് കെന്‍റക്കിയില്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.  അതേ സമയം കോവിഡ് ലഘുവായ ലക്ഷണങ്ങളോട് കൂടി വന്നവരാണെങ്കിലും 90 ദിവസത്തിന് ശേഷമേ വാക്സിനേഷന്‍ എടുക്കാവൂ എന്നും ഗവേഷകർ  കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments