banner

കായംകുളത്ത് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം, പൊലീസിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്

കായംകുളത്ത് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ. ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കായംകുളം സ്വദേശി ധന്യ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കായംകുളത്ത് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെ അടിസ്ഥാനമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രതി ചേര്‍ത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

സംഘര്‍ഷത്തിനിടെ സ്ഥലത്തുണ്ടായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയ്ക്കും പരുക്കേറ്റു. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ മൊഴിയെടുക്കാനെത്തിയതിനിടെയാണ് പൊലീസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ മൊഴി മാറ്റിപ്പറാന്‍ ആക്രമണത്തിനിരയായ യുവതിക്ക് സമ്മര്‍ദ്ദമുണ്ടായെന്നും ഡിവൈഎഫ്‌ഐ നേതാവായ ഭര്‍ത്താവിനെ പുറം ലോകം കാണിക്കില്ലെന്നും പൊലീസ് പറഞ്ഞെന്നാണ് ആരോപണം.

Post a Comment

0 Comments