Latest Posts

കൊല്ലത്ത്, റേഷനരിയും ഗോതമ്പും അനധികൃതമായി സൂക്ഷിച്ചയാൾ പിടിയിലായി; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കരുനാഗപ്പളളി : പുത്തൻതെരുവ് ചെട്ടിശ്ശേരി ജംഗ്ഷന് സമീപം വൻതോതിൽ റേഷനരിയും ഗോതമ്പും സൂക്ഷിച്ചയാൾ പോലീസ് പിടിയിലായി. കുലശേഖരപുരം സ്വദേശി മുഹമ്മദ് കുഞ്ഞാണ് പോലീസ് പിടിയിലായത്. 
അമ്പത് കിലോ വീതമുളള നൂറ്റി അറുപത്തി മൂന്ന്ചാക്ക് അരിയും എട്ട് ചാക്ക് ഗോതുമ്പുമാണ് പോലീസ് കണ്ടെത്തിയത്. 

കഴിഞ്ഞരാത്രി സംഭരിച്ച് വച്ച റേഷൻ സാധനങ്ങൾ കടത്തി കൊണ്ട് പോകാൻ ലോറിയിൽ കയറ്റുന്നതിനിടിയിലാണ് പോലീസ് സംഘം പിടികൂടുന്നത്. പോലീസിനെ കണ്ട് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറിയും റേഷൻ അരിയും ഗോതമ്പും പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പളളി മേഖലയിലെ റേഷൻ കടകളിൽ നിന്നുമാണ് റേഷൻ സാധനങ്ങൾ സംഭരിച്ചത്. ഇത് പോളിഷ് ചെയ്യുന്നതിന് മധ്യകേരളത്തിലുളള മില്ലിലേക്ക് ലോറിയിൽ കൊണ്ട് പോകാൻ ശ്രമിച്ചപ്പോഴാണ് പോലീസ് പിടികൂടുന്നത്. 

മുഹമ്മദ് കുഞ്ഞിന്റെ വീടിനോട് ചേർന്ന് അരിയും ഗോതമ്പും റേഷൻ കടകളിൽ നിന്നും സംഭരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കടത്താൻ ശ്രമിച്ച റേഷൻ അരിയും ഗോതമ്പും പിടിയിലായത്. 

കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ ജി യുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ ജയശകർ, അലോഷ്യസ്, റസൽ ജോർജ്ജ്, സ്പെഷ്യൽ ബ്രാഞ്ച് എസ്സ്.ഐ മാരായ താമ്പാൻ.ജെ, വിനോദ്കുമാർ.എം, എ.എസ്സ്.ഐ മാരായ സിദ്ധിക്ക്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

0 Comments

Headline