Latest Posts

ഇരുപത്തിയഞ്ച് മിനിറ്റോളം ആരും കണ്ടില്ല, കിളിമാനൂരിൽ ലോറിയ്ക്ക് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

കിളിമാനൂർ : ലോറിയ്ക്ക് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. സിമൻ്റുമായി വന്ന ലോറിയ്ക്ക്​ മുകളിലെ കെട്ടിയിട്ടിരുന്ന ടാർപ്പാ ഷീറ്റ് മാറ്റുന്നതിനിടെയാണ് അപകടം, കാല്‍വഴുതി വീണ് ഡ്രൈവറായ മടവൂര്‍ ചാലില്‍ പുളിമൂട് ആരാമത്തില്‍ വിജില്‍ (34) ആണ് മരിച്ചത്. 

വിജയന്‍-പുഷ്പവല്ലി ദമ്പതിമാരുടെ മകനാണ് വിജിൽ. അവിവാഹിതനായ വിജിലിന് രണ്ട് സഹോദരങ്ങളാണുള്ളത് രതീഷ്, മനോജ്. കൊവിഡിൻ്റെ  സാഹചര്യത്തിൽ മുൻപ് ഉണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ ജോലി നഷ്ടപ്പെട്ട വിജില്‍, ജീവിത പ്രാരാബ്ദം മൂലമാണ്​ സിമൻറ് ലോറിയിൽ ഡ്രൈവറായി മാറിയത്.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം, പകല്‍ക്കുറി ആറയില്‍ കവലക്ക് സമീപമായിരുന്നു യുവാവിൻ്റെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. സിമൻറ് കട്ട കമ്പനിയിലെ ലോഡ്​ ഇറക്കാനായി തയാറെടുക്കുമ്പോഴായിരുന്നു അപകടം. സിമൻ്റ് ചാക്കുകൾക്ക് മുകളിലായി ലോറിയിൽ സ്ഥാപിച്ചിരുന്ന ടാർപ്പായ ഷീറ്റ് അഴിച്ച് മാറ്റിയ ശേഷം താഴേക്ക് ഇറങ്ങവേ വിജിൽ കാല്‍വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, 25 മിനിറ്റിന് ശേഷമാണ് വിജില്‍ താഴെവീണ വിവരം സമീപത്തുണ്ടായിരുന്നവര്‍ അറിയുന്നത്.  വിജില്‍ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടർന്ന് വിജിലിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും താടിയെല്ലിനും അപകടത്തിൽ  ഗുരുതര പരിക്കേറ്റിരുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍. പള്ളിക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

0 Comments

Headline