banner

പെട്രോളും ഡീസലും കിട്ടാനില്ല, പരക്കംപാഞ്ഞ് ബ്രിട്ടിഷുകാർ

ലണ്ടൻ : പെട്രോളും ഡീസലിനും ക്ഷാമം നേരിട്ട് ബ്രിട്ടീഷ് ജനത. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പെട്രോളും ഡീസൽ ക്ഷാമത്തിന് അറുതിയില്ല. ആവശ്യമായ ഇന്ധന ചരക്ക് രാജ്യത്തുണ്ടെങ്കിലും ട്രക്ക് ഡ്രൈവർമാരുടെ കുറവ് നികത്താനാകാത്തത് കാരണം ഇന്ധന പ്രതിസന്ധി രാജ്യത്തെ പമ്പുകളിൽ സ്റ്റോക്കു തീരുന്ന മുറയ്ക്ക് അടയ്ക്കുകയാണ്. പല നഗരങ്ങളിലും വിരലിൽ എണ്ണാവുന്ന പെട്രോൾ പമ്പുകൾ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.

നിലവിൽ ബ്രിട്ടനിലെ എച്ച് ജിവി ഡ്രൈവർമാരുടെ ശരാശരി പ്രായം 55 വയസാണ്. പക്ഷേ, ആകെയുള്ള ഡ്രൈവർമാരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് 25 വയസിൽ താഴെ പ്രായമുള്ളവർ. ഓരോ ആഴ്ചയിലും രണ്ടായിരത്തോളം ഡ്രൈവർമാർ ഈ ഇൻഡസ്ട്രിയിൽനിന്നും വിരമിക്കുമ്പോൾ പുതുതായി എത്തുന്നത് കേവലം ആയിരം പേർ മാത്രവും. ഇത്തരത്തിലുള്ള അന്തരങ്ങളാണ് മാസങ്ങൾകൊണ്ടു വളർന്ന് വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്. പുതിയ തലമുറയെ ഈ ജോലിയിലേക്ക് ആകർഷിക്കുന്ന നടപടികൾ മാത്രമാണ് ഇതിനു ശാശ്വത പരിഹാരമെന്നാണ് ഇൻഡസ്ട്രിയിലെ വിദഗ്ധർ പറയുന്നത്.

4000 മുതൽ 7000 പൗണ്ടുവരെയാണ് എച്ച്ജിവി ലൈസൻസ് സ്വന്തമാക്കാൻ ചെലവാകുന്ന തുക. ഇത് പലർക്കു താങ്ങാനാവുന്നതിലും ഏറെയാണ്. 40,000 മുതൽ 50,000 പൗണ്ടുവരെയാണ് ശരാശരി ഒരു ഡ്രൈവർക്ക് ലഭിക്കുന്ന വേതനം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് 70,000 പൗണ്ടുവരെ ഉയർന്നിട്ടുണ്ടെങ്കിലും സ്ഥിരമായി ഇത് ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിച്ചാലേ യുവാക്കളെ ആകർഷിക്കാനാകൂ.

5000 ഫോറിൻ ഡ്രൈവർമാർക്ക് അടിയന്തരമായി വീസ അനുവദിച്ച് എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമം. ഒപ്പം ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം കൂട്ടുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. മിലിട്ടറിയുടെ ഭാഗമായ റോയൽ ലോജിസ്റ്റിക്സ് കോർപ്സിന്റെ സഹകരണം തേടി താൽകാലിക പ്രശ്ന പരിഹാരത്തിനും സർക്കാർ ശ്രമിക്കുന്നുണ്ട്.

Post a Comment

0 Comments