banner

പൊലീസ് കുറ്റപത്രം വൈകുന്നു, മുട്ടിൽ മരംമുറിക്കേസ് പ്രതികൾക്ക് ജാമ്യം

കൊച്ചി : മുട്ടിൽ മരംമുറിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് അന്വേഷണ സംഘം വൈകിയതോടെയാണ് പ്രതികൾക്ക് ജാമ്യത്തിന് വഴിയൊരുങ്ങിയത്. എന്നാൽ വനംവകുപ്പ് കേസിൽ ജാമ്യം ലഭിച്ചാലെ ജയിൽ മോചനം സാധ്യമാകൂ. വനംവകുപ്പ്, കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. ഇതിനിടെ കേസിൽ സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ വനംവകുപ്പ് തിരിച്ചെടുത്തു.

പ്രതികളായ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കും സഹായിയും ഡ്രൈവറുമായ വിനീഷിനുമാണ് ജാമ്യം ലഭിച്ചത്.

അറസ്റ്റിലായി 60 ദിവസം പിന്നിടുമ്പോഴാണ് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും ജാമ്യം ലഭിക്കുന്നത്. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ് പ്രതികൾ. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിന് സാധ്യത വർധിക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്‌പിയെ സ്ഥലം മാറ്റിയതോടെ ഈ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ് പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതാണ് പൊലീസ് കേസിൽ പ്രതികളുടെ ജാമ്യത്തിന് വഴിയൊരുക്കിയത്. പുതിയ ബത്തേരി ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല ഇതുവരെ നൽകിയിട്ടുമില്ല. 

പട്ടയഭൂമികളിൽനിന്നു ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാമെന്ന വിധത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിലെയും മറ്റു പട്ടയ ഭൂമികളിലെയും സർക്കാർ നിക്ഷിപ്ത ഈട്ടി ഉൾപ്പെടെയുള്ള തടികൾ പ്രതികൾ വെട്ടിക്കടത്തിയത്.




നിയമവിരുദ്ധമായി ഭൂഉടമകളിൽനിന്നു മരം വാങ്ങി മുറിച്ചുകടത്തിയതിനാണ് ജൂലൈ 28നു മൂന്നു പേരെയും കൊച്ചിയിൽനിന്നു വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് അറസ്റ്റു ചെയ്തത്.കുറ്റിപ്പുറം പാലത്തിൽ വഴിയിൽ വാഹനമിട്ടു തടഞ്ഞായിരുന്നു തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.

പ്രതികൾക്കെതിരെ നിരവധി കേസുകളും തെളിവുകളും ഉണ്ടായിട്ടും അറസ്റ്റു നീണ്ടതിനെ തുടർന്നു ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ പൊലീസ് പിടിയിലാകുന്നത്. തുടർന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മുട്ടിൽ മരം മുറിക്കേസിൽ നടക്കുന്നത് പകപോക്കലാണെന്ന് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഈ വാദം ഉയർത്തിയത്. കേസിൽ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാതെ തങ്ങളെ മാത്രമാണ് അറസ്റ്റു ചെയ്തത്. അന്വേഷണമെന്ന പേരിൽ വേട്ടയാടുകയാണ്. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും എന്നു പറയുന്നതിൽ കാര്യമില്ല. കേസിലെ സാക്ഷികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരുമാണ്. ഇവരെ സ്വാധീനിക്കില്ലെന്നും പ്രതികൾ വാദിച്ചു.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയാണ് ജാമ്യം അനുവദിക്കരുതെന്ന വാദം സർക്കാർ കോടതിയിൽ ഉയർത്തിയത്. പ്രതികൾ വില്ലേജ് അധികാരികളുമായി അവിശുദ്ധ ബന്ധം സൂക്ഷിച്ചു. മരം മുറി നടന്ന സ്ഥലങ്ങളിൽ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. ഫോൺ വിളികൾ സംബന്ധിച്ച രേഖകളും പ്രതികൾക്ക് എതിരാണെന്നും സർക്കാർ വ്യക്തമാക്കി.

പ്രതികളിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഭീഷണിയുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. സുരക്ഷയാവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. ഇത് ഗൗരവമുള്ള കാര്യമാണ്. പ്രതികൾക്കെതിരെ അന്വേഷണ സംഘം തെളിവു ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് കേസിനെ ദോഷമായി ബാധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

മുട്ടിലിൽനിന്ന് മുറിച്ച ഈട്ടിമരങ്ങൾ ലക്കിടിയിലെ ചെക്‌പോസ്റ്റിൽ പരിശോധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് തിരിച്ചെടുത്തത്. കേസിൽ ഇടപെട്ട ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കീഴുദ്യോഗസ്ഥരായ ഇവരെ ബലിയാടാക്കുകയാണ് എന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

Post a Comment

0 Comments