മുംബൈ : അരങ്ങേറ്റ മത്സരം പോലും കളിക്കാനാകാതെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകൻ ടീമിൽ നിന്ന് പുറത്തായി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന് പേരെടുത്ത് ഐപിഎല്ലിലേക്കു കടന്നു വന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റ മത്സരം പോലും കളിക്കാനാാകാതെ മുംബൈ ഇന്ത്യന്‍സ് ടീമിനു പുറത്ത്. പരിക്കിനെ തുടർന്നാണ് താരം സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നു പിന്‍മാറെണ്ടി വന്നത്. പകരക്കാരനായി സിമ്രന്‍ജീത് സിങിനെ ഉള്‍പ്പെടുത്തിയതായി നിലവിലെ ചാംപ്യന്മാരായ മുംബൈ അറിയിച്ചു.
സീസണിന് മുന്നോടിയായുള്ള ഐപിഎൽ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സച്ചിന്‍റെ മകനെ മുംബൈ സ്വന്തമാക്കിയത്. കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് അര്‍ജുനെ ടീമിലെത്തിച്ചതെന്നും മുംബൈ വ്യക്തമാക്കിയിരുന്നു. ഇടംകൈയന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറായ അര്‍ജുന്‍ കരിയറില്‍ ഇതുവരെ രണ്ടു ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതിൽ രണ്ട് വിക്കറ്റ് മാത്രമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
മുംബൈ ടീമിന്‍റെ ഉപദേശകനായ സച്ചിന്‍ ടീമിനോപ്പം യുഎഇയിലുണ്ട്. അദ്ദേഹത്തിന്‍റെ വരവ് അര്‍ജുന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി 22കാരനായ അര്‍ജുന് പരിക്കേറ്റ് പിന്‍മാറേണ്ടി വന്നിരിക്കുന്നത്. സിമ്രന്‍ജീത് ഇതിനകം മുംബൈയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറാണ് താരം.
ഈ വര്‍ഷം ജൂലൈയില്‍ ശിഖര്‍ ധവാന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകള്‍ കളിച്ചപ്പോള്‍ റിസര്‍വ് കളിക്കാരുടെ നിരയില്‍ സിമ്രന്‍ജീത്തുണ്ടായിരുന്നു. 23 കാരനായ താരം 10 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് കളിച്ചിട്ടുള്ള്. 19 ലിസ്റ്റ് എ മല്‍സരങ്ങളിലും 15 ടി20കളിലും സിമ്രന്‍ജീത്ത് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 74 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
0 Comments