Latest Posts

മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്തറുത്തു, ശേഷം ആത്മഹത്യ ശ്രമം; സംഭവം മാവേലിക്കരയിൽ


മാവേലിക്കര : മദ്യലഹരിയിൽ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. മാവേലിക്കര ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. 

പിന്നീട് ഇയാൾ സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. 
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.  കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.

മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുരേഷ് വഴക്കിടുകയും വീടിനോട് ചേർന്നിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തു. തീ വീടിനുള്ളിലേക്ക് ആളി പടരുകയും വീടിനുള്ളിലെ സാധനങ്ങൾ കത്തിയമരുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ മാവേലിക്കര പൊലീസ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ കുതറിമാറിയ ശേഷം മാതാവിനെ കയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറുത്ത സുരേഷിനെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. ഇരുവരേയും തട്ടാരമ്പലം വി.എസ്.എം ആശുപത്രയിൽ പ്രവേശിപ്പിച്ചു.



0 Comments

Headline