banner

വിനോദ കേന്ദ്രമായി ബഹിരാകാശവും, സ്പേസ് എക്സിലൂടെ പറന്ന സഞ്ചാരികൾ തിരികെയെത്തി

സ്പേസ് എക്സ് ലാൻ്റിംഗ് (ഇടത്), സ്പേസ് എക്സിലെ സഞ്ചാരികൾ (വലത് )

ഫ്ലോറിഡ :  ബഹിരാകാശം ഇനി വിനോദ കേന്ദ്രമാകുന്നു. ചരിത്രം പിറന്നത് സ്പേസ് എക്സിലൂടെ പറന്ന സഞ്ചാരികൾ തിരികെയെത്തിയതോടെ. മനുഷ്യൻ, നിഗൂഢതകളുടെയും വിസ്മയങ്ങളുടെയും ലോകമായി പ്രകീർത്തിച്ച ബഹിരാകാശം ഇനി  വിനോദ സഞ്ചാരകേന്ദ്രം. ചരിത്രയാത്രക്ക് പരിസമാപ്തി കുറിച്ച് സ്പേസ് എക്സ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് ഇവരുടെ മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06ന് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഇറങ്ങുകയായിരുന്നു.

നാല് കൂറ്റൻ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ യാത്രികരെയും വഹിച്ച് സമുദ്രത്തെ തൊട്ടത്. കാത്തുനിന്ന സ്പേസ് എക്സ് ബോട്ടുകൾ സഞ്ചാരികളെ വഹിച്ചു. ഇവരെ പിന്നീട് കെന്നഡി സ്പേസ് സെന്‍ററിലെത്തിച്ചു.

ബഹിരാകാശ വിദഗ്ധരായ ഒരാൾ പോലുമില്ലാതെയാണ് യാത്ര പൂർത്തിയാക്കിയത്. ശതകോടീശ്വരനായ ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്സും 51കാരിയായ ജിയോ സയന്‍റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ. 'അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം' -ജറേദ് ഐസക്മാൻ പ്രതികരിച്ചു.

ഭൂമിയിൽ നിന്നും 575 കിലോമീറ്റർ അകലെയാണ് ഇവർ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാൾ വേഗതയിലായിരുന്നു പേടകത്തിന്‍റെ സഞ്ചാരം.

ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.

ആറു മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്.

ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്. വർഷങ്ങളായി മനുഷ്യന്‍റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാർഗോയും വഹിച്ചു പോകാനുള്ള ഭീമൻ റോക്കറ്റിന്‍റെ നിർമാണത്തിലാണ്. സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ സെപ്റ്റംബർ 16ലെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചിരുന്നു.



Post a Comment

0 Comments