banner

മന്ത്രിസഭയിൽ ഭീകരർ, താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി

ന്യൂഡൽഹി : താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധമാണ്. അവരെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അഫ്ഗാൻ എംബസി വ്യക്തമാക്കി. എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് താലിബാനെതിരായ പരാമർശം. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.

അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും പ്രസ്താവനയിൽ പറയുന്നു. ദേശീയ താത്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന തീരുമാനമാണ് താലിബാന്റേത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.

അഫ്ഗാനിസ്താന്റെ ദേശീയ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും എതിരായി മാത്രമല്ല, ലേകത്തിന്റെ തന്നെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരരാണ് കാബിനറ്റ് പദവിയിലെത്തിയിരിക്കുന്നത്. ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഫ്ഗാൻ എംബസി പറയുന്നു.

ഓഗസ്റ്റ് 15 മുതലാണ് താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുക്കാൻ തുടങ്ങിയത്. അന്ന് മുതൽ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കനത്ത സുരക്ഷയിലാണ്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്താൻ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവർ.



Post a Comment

0 Comments