ദില്ലി : പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് വാദം.
പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷ അത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം.
പ്ലസ് വൺ പരീക്ഷക്ക് എതിരെയുള്ള ഹർജികൾ തള്ളണം, ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.
0 Comments