banner

പ്രേംചന്ദിൽ ചലിച്ച് നേവിസിന്റെ ഹൃദയം; ഏഴ് പേർക്ക് ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം

കോഴിക്കോട് : നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിൻ്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ വിജയകരമായി പ്രേംചന്ദിൽ മിടിക്കാൻ തുടങ്ങിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിൻറെ ഹൃദയം 59കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. രോഗി വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയത്.

എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്‌നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചു. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

Post a Comment

0 Comments