banner

ഓര്‍ഡര്‍ വൈകി, ഡെലിവറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്നു

ഓര്‍ഡര്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തെ ആപ്ലിക്കേഷനായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് റെസ്റ്റോറന്റിന്റെ ഉടമയെ വെടിവെച്ചു കൊന്നു. ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 

ഗ്രേറ്റര്‍ നോയിഡയിലെ മിത്ര സൊസൈറ്റിയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനില്‍ ആണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ വേറെയും ഡെലിവറി ഏജന്റുമാര്‍ റസ്റ്റോറന്റിന് പുറത്തുണ്ടായിരുന്നു. ഓര്‍ഡര്‍ വൈകുന്നതിനെ ചൊല്ലി ഡെലിവറി ബോയ്കളിലൊരാള്‍ റെസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ സുനില്‍ ഇടപെട്ടപ്പോള്‍ പ്രതി സുനിലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുനിലിനെ ഉടന്‍ തന്നെ യത്താര്‍ത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. റസ്റ്റോറന്റ് ഉടമയെ കൊല്ലാന്‍ സഹായിച്ച മറ്റൊരാള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സി സി ടി വിയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ബോയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ”സംഭവം ആശങ്കയുയര്‍ത്തുന്നു. 

സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ച് അയാള്‍ക്ക് സ്വിഗ്ഗിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്” സ്വിഗ്ഗി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments