banner

ജില്ലാ ആശുപത്രിയിലെത്തിച്ച റിമാന്റ് പ്രതി രക്ഷപ്പെട്ടു, പ്രതിയെ സാഹസികമായി പിടികൂടി പിങ്ക് പോലീസ്


കൊല്ലം : ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന് പോലീസിനെ വെട്ടിച്ച്കടന്ന റിമാന്റ് പ്രതി പിങ്ക് പോലീസിന്റെ പിടിയിലായി. പത്താം തീയതി രാവിലെ കൊല്ലം ജില്ലാ ജയിലിൽ നിന്നും ജയിൽ ഉദ്യോഗസ്ഥരോടും പോലീസുദ്യോഗസ്ഥരോടും ഒപ്പം ചികിത്സയ്ക്കായി ജയിൽ ആംബുലൻസിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ ഏഴ് പ്രതികളിൽ ഒരാൾ പ്രിസൺ ഓഫീസറെ വെട്ടിച്ച് കടന്ന് രക്ഷപെടാൻ ശ്രമിച്ചു. 

പത്തനാപുരം സ്വദേശി രാജീവ് എന്നു വിളിക്കുന്ന രതീഷ്കുമാർ(43) ആണ് രക്ഷപെടാൻ ശ്രമിച്ചത്. പത്താനപുരം എം.എൽ.എ യുടെ ഓഫീസ് അടിച്ച് തകർത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പത്തനാപുരം പോലീസ്സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാന്റിൽ കഴിഞ്ഞു വരുകയായിരുന്നു ഇയാൾ. ഇടത് കൈയുടെ മണിബന്ധത്തിന് സംബന്ധിച്ച് പൊട്ടലിന് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ഇയാളെ ഡോക്ടർ പരിശോധിച്ചതിനുശേഷം മറ്റു തടവുകൾ വിവിധ ഒപികളിൽ ചികത്സ തേടുന്നതിനായി കൊണ്ട് പോയ സമയം പ്രിസൺ ഓഫീസറുടെ കണ്ണ് വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി.ഐ.പി.എസ്സ് സിറ്റി പരിധിയിലെ മുഴുവൻ പോലീസ് സേനയേയും അലർട്ട് ചെയ്യുകയും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറി തെരച്ചിൽ ഏകോപിപ്പിക്കുകയും ചെയ്തു. ചിന്നക്കട ആശ്രാമം റോഡിൽ പരിശോധനയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന പിങ്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇയാളെ തടഞ്ഞ് നിർത്താൻ ശ്രമിച്ച പിങ്ക്പോലീസിനെ തട്ടി മാറ്റി ഇയാൾ ഓടി. രക്ഷപ്പെട്ട് ഓടിയ പ്രതിയുടെ പിന്നാലെ പാഞ്ഞ പിങ്ക് പോലീസ് സംഘം ചിന്നക്കടയിലുണ്ടായിരുന്ന ജില്ലാ പോലീസ് മേധാവിയുടെ ദ്രുത കർമ്മ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. പിങ്ക് പോലീസിന് ഒപ്പം ദ്രുതകർമ്മസേനാംഗങ്ങളും ചേർന്ന് പ്രതിയെ പിൻതുടർന്ന് പിടികൂടി. പ്രതിയുടെ രൂപലക്ഷണങ്ങളും കൈകുഴയിലെ പ്ലാസ്റ്റാറുമാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്. 

പിങ്ക് പോലീസ് സംഘത്തിലെ എസ്സ്.സി.പി. സിന്ധു, സി.പി.വിദ്യാ, ദ്രുതകർമ്മ സേനയിലെ സി.പി.ഓ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് എടുത്ത് റിമാന്റ് ചെയ്തു.


Post a Comment

0 Comments