banner

കാമുകന്‍ ആത്മഹത്യചെയ്ത മനോവിഷമത്തില്‍ പെണ്‍കുട്ടി ആറ്റില്‍ ചാടി, യുവാവ് സാഹസികമായി രക്ഷപ്പെടുത്തി

മാവേലിക്കര : പ്രായിക്കരപ്പാലത്തിൽനിന്നു അച്ചൻകോവിലാറ്റിലേക്കു ചാടിയ പെൺകുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ഉളുന്തി പെട്ടിക്കൽ വടക്കതിൽ അനൂപ് സിദ്ധാർഥനാ(24)ണു തന്റെ ജീവൻപോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റാണ് അനൂപ് സിദ്ധാർഥൻ

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. പെൺകുട്ടി ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോൾ കൈയിലിരുന്ന പഴ്സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞ പെൺകുട്ടി വാഹനം നിർത്തിയയുടൻ ചാടിയിറങ്ങി പാലത്തിന്റെ കൈവരികൾക്കു മുകളിലൂടെ ആറ്റിലേക്കു ചാടി.

പെട്രോൾ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പിൽ പോയി വരുകയായിരുന്ന അനൂപ് ഇതു കണ്ടു. ഉടൻതന്നെ വാഹനം നിർത്തി ഇയാളും ആറ്റിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്ന പെൺകുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവിൽ സംഭവങ്ങൾ കണ്ടുനിന്ന നാട്ടുകാരിൽ ചിലർ ഇവർ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

അടിയന്തര പ്രഥമശുശ്രൂഷ നൽകിയതോടെ പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തിൽനിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് നാട്ടുകാർക്ക് സത്യം വ്യക്തമായത്.

അച്ഛനമ്മമാർ മരിച്ചതിനെത്തുടർന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെൺകുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാർ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടർന്ന് ഇയാൾ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് താൻ ആത്മഹത്യക്കു ശ്രമിക്കാൻ കാരണമെന്നു പെൺകുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു.

കേബിൾ നെറ്റ് വർക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവർത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

إرسال تعليق

0 تعليقات