banner

വേരുകളാൽ ചുറ്റിപ്പിണഞ്ഞു പ്രണയിക്കട്ടെ ഈ നന്മമരങ്ങൾ.

ഡോ. മുംതാസ് യഹിയ /
ഡോ. ജസിൻ റഹ്‌മാൻ വി കെ 

"കോവിടല്ലേ.. ഓൺലൈൻ പോരേ?" എന്ന ശ്രീലേഖാ മാമിന്റെ ചോദ്യത്തിന് "ഇതങ്ങനെയല്ല മാം, ടികെഎം കോളേജ് ആണ്, രണ്ടായിരത്തോളം പേർക്ക് പോലും സാമൂഹിക അകലം പാലിച്ച് പരിപാടി നടത്താനുള്ള സൗകര്യമുണ്ട്, കാണാനും കേൾക്കാനും കാത്തു നിൽക്കുന്ന വിദ്യാർത്ഥികളും ജീവനക്കാരുമുണ്ട്, മാം വന്നേ പറ്റൂ" എന്ന ജേക്കബ് സാറിന്റെ മറുപടി കേട്ടപ്പോൾ മുൻ ഡിജിപി ശ്രീമതി ആർ ശ്രീലേഖ ഐപിഎസിന് മാറി ചിന്തിക്കാൻ കഴിഞ്ഞില്ല.

വഹിച്ച സ്ഥാനങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച ആ 'സിങ്കത്തെ' കാണാനും സംസാരിക്കാനും കാത്തു നിന്ന ഞങ്ങൾക്കിടയിലേക്ക് കാറിൽ നിന്നിറങ്ങി നിറപുഞ്ചിരിയോടെ മാഡം എത്തി. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ (1987 ബാച്ച്), സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത, മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡിജിപിയും, വിശിഷ്ട സേവനങ്ങൾക്കുള്ള പോലീസ് മെഡലും രാഷ്ട്രപതിയുടെ മെഡലും നേടിയ കുറ്റാന്വേഷക, ചിന്തിക്കാനും ജീവിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന വാക്കുകളുടെ ഉടമ, 
പൊലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികൾ രചിച്ച സാഹിത്യകാരി. വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

സമൂഹ ഉന്നമനത്തിനായി ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള 'സസ്നേഹം ശ്രീലേഖ' എന്ന യുട്യൂബ് ചാനൽ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുന്നു.

'വൃക്ഷവ്യാപനത്തിലൂടെ മാനസികോല്ലാസം' എന്ന മുദ്രാവാക്യവുമായി വനമിത്ര അവാർഡ് ജേതാവ് ഡോ. സൈജു ഖാലിദ് രൂപീകരിച്ച 'നന്മമരം ഗ്ലോബൽ ഫൗണ്ടേഷനു'മായി സഹകരിച്ച് ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തുടക്കമിട്ട 'ആവാസവ്യവസ്ഥകളുടെ വീണ്ടെടുപ്പ്’ എന്ന ദീർഘകാല സാമൂഹ്യ വ്യാപന പദ്ധതി ഉത്ഘാടനം ചെയ്യാനുള്ള ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു അവർ. 

"പ്രകൃതി അമ്മയാണ്. കൊടുക്കുന്ന സ്നേഹം പല മടങ്ങായി തിരിച്ചു തരുന്ന അമ്മ. ചിലപ്പോൾ പ്രണയിനിയെപ്പോലെയാണ്. കെറുവിച്ചും പിണങ്ങിയും ഒക്കെയിരിക്കും. സ്നേഹം കാണിച്ചാൽ മതി. പൂക്കാലം തരും, മഞ്ഞും മഴയും തണുപ്പുമായി പെയ്തിറങ്ങി കനവുകൾക്ക് നിറം ചാർത്തും". കാവ്യാത്മകമായ വാക്കുകൾ.. "ഔദ്യോഗിക കാലഘട്ടത്തിൽ തിരക്കുകൾ കാരണം യാത്രകൾ ആസ്വദിക്കാനൊന്നും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നത്തെ യാത്ര വളരെ സന്തോഷം നൽകി. ചുറ്റുപാടും കൗതുകത്തോടെ വീക്ഷിച്ച് ആസ്വദിച്ചു. ടികെഎം കോളേജിന്റെ ഈ ഉദ്യമം സാർത്ഥകവും മാതൃകാപരവുമാണ്." അവർ പറഞ്ഞു.

ക്യാമ്പസ്സിന്റെ ഹൃദയഭാഗത്തു അവർ നട്ട ഫലവൃക്ഷം ഒരായിരം നന്മകളായി, തലമുറകൾക്ക് തണലും മധുരവുമായി, ഒരുപാട് ജീവികൾക്ക് കൂടൊരുക്കിക്കൊണ്ട് ഉയർന്നു വരട്ടെ..

നന്മമരം സംസ്ഥാന കോഓർഡിനേറ്റർ ശ്രീ. ജേക്കബ് എസ് പദ്ധതിയെപ്പറ്റി വിശദമായി സംസാരിച്ചു. പരിമിതമായ സദസ്സിനെ വച്ചുകൊണ്ട് 
കോവിഡ് മാനദണ്ഡപ്രകാരം നടത്തപ്പെട്ട പരിപാടി കഴിയുന്നതോടെ വ്യക്തികളിൽനിന്നും വ്യക്തികളിലേക്കും, നവമാധ്യമങ്ങൾ വഴി ദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രകൃതി സംരക്ഷണ സന്ദേശം വ്യാപിപ്പിക്കുക എന്നതാണ് നന്മമരത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
 ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സുവോളജി ഡിപ്പാർട്ട്മെന്റ്, നേച്ചർ ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജിൽ ഒരുക്കുന്ന വിപുലമായ ഫലവൃക്ഷത്തൈകളുടെ നഴ്സറിയിൽ നിന്ന് പൊതുജനങ്ങൾക്ക് തൈ വിതരണം നടത്തുന്ന പദ്ധതിയ്ക്ക് കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ സജീവിനു തൈകൾ കൈമാറിക്കൊണ്ട് ടികെഎം ട്രസ്റ്റ് ട്രഷറർ ശ്രീ ജലാലുദ്ധീൻ മുസലിയാർ തുടക്കമിട്ടു.

മിറക്ക്ൾ ഫ്രൂട്ട്, അത്തി, നെല്ലി, അരിനെല്ലി, റംബൂട്ടാൻ, മാതളം, റെഡ് ചാമ്പ, തായ് ചാമ്പ, കുടംപുളി തുടങ്ങിയവയുടെ തൈകൾ വിതരണം ചെയ്തു. 
കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് പരിപാടിയിൽ അധ്യക്ഷയായിരുന്നു. ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമലക്ഷ്മി, സുവോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ജസിൻ റഹ്‌മാൻ, പ്രോഗ്രാം കോഓർഡിനേറ്ററും നന്മമരം കൊല്ലം ജില്ലാ കോഓർഡിനേറ്ററുമായ ഡോ. മുംതാസ് എഫ് മുസലിയാർ, നേച്ചർ ക്ലബ് കോഓർഡിനേറ്റർ ശ്രീമതി ജിഷ എന്നിവർ പദ്ധതിയുടെ ആശയ- ലക്ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. പരിസ്ഥിതി ക്ലബ് കോഓർഡിനേറ്റർ ശ്രീമതി സൗമ്യ നന്ദി അറിയിച്ചു.

Post a Comment

0 Comments