Latest Posts

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനെത്തിയ 52 കാരൻ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; സംഭവം കൊല്ലത്ത്, പ്രതി പിടിയിൽ

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിൻ്റെ പിടിയിലായി.

തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ് (52) ആണ് അറസ്റ്റിലായത്. അഭയ മന്ദിരത്തിന് പണപ്പിരിവിനായി നൽകുന്ന നോട്ടീസുമായി മൈനാഗപ്പള്ളി സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴപെയ്യുന്നതിനാല്‍ അവിടെ തങ്ങട്ടെയെന്നും ഉച്ചഭക്ഷണപൊതി കഴിക്കെട്ടെയെന്നും ചോദിച്ച് അത് കഴിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു.

ടിവി കാണാനെന്ന വ്യാജേന വീടിനകത്തേക്ക് എത്തിയ പ്രതി കുട്ടിയെ അക്രമിക്കുകയായിരുന്നു. വൈകുന്നേരം കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ പ്രതി നൽകിയ അഭയകേന്ദ്രത്തിലെ അഭ്യർത്ഥന നോട്ടീസാണ് പൊലീസിനെ പ്രതിയിലേക്ക് നയിച്ചത്.

അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും മനസ്സിലാക്കി പൊലീസ്. ഇയാളെപ്പറ്റി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടക വീട്ടിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

0 Comments

Headline