banner

തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്റർ അടച്ചുപൂട്ടുന്നു; ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് താലിബാനോ? ചോദ്യമുയർത്തി സോഹൻ റോയ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്റർ അടച്ചുപൂട്ടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെയർമാൻ സോഹൻ റോയ്. പ്രൊഡ്യൂസേഴ്സ് അസോസിയേൻ ഏരീസിലേക്ക് മലയാളസിനിമകൾ നൽകില്ല എന്ന പ്രഖ്യാാപനം വന്നതോടെയാണ്  അടച്ചുപൂട്ടലിലേക്ക് ഒരുങ്ങുന്നതെന്ന് ഉടമ സോഹൻ റോയ്. തങ്ങളുടെ മുന്നിൽ മറ്റുവഴികൾ ഇല്ലാതിരുന്നതിനാലാണ് തിയേറ്റർ പൂട്ടുന്നതെന്ന് സോഹൻ റോയ് പറഞ്ഞു.

നിർമാതാക്കളുടെ സംഘടന താലിബാനിസം നടപ്പാക്കുന്നുവെന്നും സോഹൻ റോയ് പ്രതികരിച്ചു. ഏരീസിൽ ഇം​ഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം. ജീവിതത്തിൽ ഒരിക്കലും ഇത്രയലും വലിയ ഒരു തീയേറ്റർ ഇം​ഗ്ലീഷ് സിനിമകൾ മാത്രം ഓടിച്ച് മുന്നോട്ടുകൊണ്ടപോകാനാവില്ല. അഡ്വാൻസ് വാങ്ങി ചാർട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞദിവസം തിരിച്ചുനൽകേണ്ടിവന്നു. സ്റ്റാർ, ഡോക്ടർ തുടങ്ങിയ സിനിമകളൊന്നും പ്രദർശിപ്പിക്കാനായില്ല. 
ടിക്കറ്റ് തുകയെല്ലാം തിരികെ കൊടുക്കേണ്ടിവന്നു.

ഏരീസിന്റെ ബ്രാൻഡിങ് തീയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ ന​ഗരങ്ങളിലും വ്യവസായരം​ഗങ്ങളിലുള്ളവരേക്കൊണ്ട് അവരുടെ ജന്മനാട്ടിൽ ഒരു തീയേറ്റർ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാർക്കും ഇങ്ങനെയൊരു രം​ഗത്തേക്ക് വരാൻ ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിർമാതാക്കൾ മനസിലാക്കുന്നില്ല. സിനിമയെ സ്നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ശരി, അയാൾ പോസിറ്റീവ് ചിന്താ​ഗതിയുള്ള ആളായിരിക്കില്ല. 

കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആരോ ആണ് ഇതിന് പിന്നിൽ.
തൂക്കിക്കൊല്ലാൻ വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതിക്ക് എന്തെങ്കിലും പറയാനുള്ള അവസരം നൽകും. ഇവിടെ അതൊന്നുമില്ല. വെള്ളിയാഴ്ച നിരോധനമേർപ്പെടുത്തുന്നു. ശനിയാഴ്ച രാവിലെ 8.50-ന് ഒരു കത്തുകിട്ടുന്നു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. താലിബാനാണോ ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ട്. അല്ലാതെ സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാൻ സാധ്യതയില്ലെന്നും സോഹൻ റോയ് പറഞ്ഞു.

إرسال تعليق

0 تعليقات