banner

മുസ്ലീം വിശ്വാസികൾക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന, പള്ളികളിൽ നിന്ന് മിനാരങ്ങൾ നീക്കാൻ നിർദ്ദേശം

ബീജിംഗ് : മുസ്ലീം വിശ്വാസികൾക്കെതിരെ നിലപാട് കടുപ്പിച്ച് കമ്മ്യൂണിസ്റ്റ് ചൈന. പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും എത്രയും വേഗം നീക്കം ചെയ്യാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്ഗുവാന്‍ മസ്ജിദാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുനര്‍ നിര്‍മ്മിച്ചത്. മസ്ജിദിലെ പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും പൂര്‍ണമായി നീക്കി കാഴ്ചയില്‍ ഒരു സാധാരണ കെട്ടിടം പോലെയാക്കുകയായിരുന്നു.

ഇതിനൊപ്പം മസ്ജിദിലുണ്ടായിരുന്ന ഇസ്ലാമിക ചിഹ്നങ്ങള്‍ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു. മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പള്ളികളുടെ പുനര്‍ നിര്‍മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്.

സാധാരണ ഇമാമുമാര്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് പള്ളികളില്‍ പ്രഭാഷണം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതുവമായി പൊരുത്തപ്പെടാത്ത കാര്യങ്ങളായിരിക്കും പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. പലപ്പോഴും സര്‍ക്കാരിന്റെ ഗുണഗണങ്ങളായിരിക്കും ഇവര്‍ വാഴ്ത്തുക എന്നാണ് വിശ്വാസികള്‍ പറയുന്നത്. മസ്ജിദുകളിലെ ഇസ്ലാമിക നിര്‍മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിന്റെ അടയാളമാണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്.

ഇത്തരം ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ വംശീയ വിഭാഗങ്ങളെ പൂര്‍ണമായും ചൈനീസ് ആക്കിമാറ്റാനാവുമെന്നാണ് ഭരണകൂടം വിശ്വസിക്കുന്നത്. എന്നാല്‍ മുസ്ലീം മതത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഉയ്ഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളുടെ തുടര്‍ച്ചയാണ് ലോകം ഈ നടപടിയെ നോക്കിക്കാണുന്നത്.

ചൈനീസ് ജനസംഖ്യയില്‍ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ കൊടിയ പീഡനമാണ് ചൈനീസ് അധികാരികള്‍ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരില്‍ പലരും തടവിലാണ്.

മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങള്‍ സിന്‍ജിയാംഗിലെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. പള്ളികള്‍ അടച്ചുപൂട്ടിയതിനൊപ്പം ഖുറാനെയും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാന്‍ മാസത്തില്‍ നോമ്പെടുക്കാനോ പാടില്ല. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ നിരവധി തീരുമാനങ്ങളുമായി മുസ്ലീങ്ങളെ രാജ്യത്തുനിന്നുതന്നെ നീക്കം ചെയ്യാനാണ് കമ്മ്യൂണിസ്റ്റ് ചൈന നിരന്തരം ശ്രമിക്കുന്നതെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments