banner

സംസ്ഥാനത്ത് കണ്ണീർ മഴ, രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും

സംസ്ഥാനത്ത് അതിശക്തമായ മഴ  തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികളുടെ ഏകോപനവും ദുദ്രഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങളും നടക്കുകയാണെന്ന് മുഖ്യമന്ത്രി ഓഫീസ്.  സാഹചര്യങ്ങൾ കണക്കിലെടുത്ത്  തിരുവനന്തപുരം കോട്ടയം ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ- രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: മീനച്ചില്‍-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331. തീക്കോയ്, ചേരിപ്പാട്, മുണ്ടക്കയം സ്റ്റേഷനുകളില്‍ ജലനിരപ്പ് അപായ ലെവലിനും മുകളിലായി തുടരുന്നു. വാഗമണ്‍, തീക്കോയി, ഈരാറ്റുപേട്ട, എരുമേലി ,മുണ്ടക്കയം മേഖലകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം നിരോധിച്ചു. പാറത്തോട് ഊരയ്ക്കനാട് ഉരുള്‍ പൊട്ടി. പാറത്തോട് പഞ്ചായത്ത് ഓഫീസില്‍ വെള്ളം കയറി. പഴുമല, ഊഴയ്ക്കനാട് പ്രദേശങ്ങള്‍ ഒറ്റപെട്ട അവസ്ഥയിലാണ്. കാഞ്ഞിരപ്പള്ളി മുതല്‍ പാറത്തോട് വരെ കെ കെ റോഡില്‍ പൂതക്കുഴി, 26 പൊടിമറ്റം ഭാഗത്ത് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കാഞ്ഞിരപ്പള്ളി കുറുവാമുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പാറത്തോട് പിണ്ണാക്കനാട് റോഡ്, മലനാട് ഭാഗം, ചേറ്റുതോട് ഭാഗം, പിണ്ണാക്കനാട ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയില്‍ ആണ്. മണിമല മുക്കടയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്ന് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. ഇവരുടെ വീട് ഭാഗികമായി തകര്‍ന്നു.  മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സാഹചര്യം വിലയിരുത്താന്‍ മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.

Post a Comment

0 Comments