banner

ഇനി കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം, കരട് വിജ്ഞാപനം പുറത്ത്

ന്യൂഡൽഹി : ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുമായുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം എന്ന വ്യവസ്ഥ കൊണ്ട് വരാനൊരുങ്ങുകയാണ് സർക്കാർ. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർധിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ‌

കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ് സർക്കാർ. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഈ കരട് അനുസരിച്ച് കുട്ടികളുമായി യാത്ര ചെയുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററിൽ കൂടരുതെന്നും നിബന്ധനയുണ്ട്.

9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണം. ബിഐഎസ് നിലവാരത്തിലുള്ള ഹെൽമാറ്റായിരിക്കണം കുട്ടികൾ ഉപയോഗിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കും. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നൽകും വിധമുള്ള ബെൽറ്റാണ് ഉപയോഗിക്കുക. സൈക്കിൾ സവാരിക്കുള്ള ഹെൽമറ്റും നിര്‍ബന്ധമാക്കും. 

ഈ കരട് നിയമങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള എതിർപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ അറിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. 

Post a Comment

0 Comments