banner

മുല്ലപ്പെരിയാര്‍ വിഷയത്തിൽ അറ്റകുറ്റപണികളല്ല സർക്കാർ ലക്ഷ്യം, മറിച്ച് പുതിയ ഡാം തന്നെ; മന്ത്രി കെ. രാജന്‍

( ചിത്രം : മഞ്ജുമല മോഹനം ഓഡിറ്റോയത്തിലെ ക്യാമ്പ് ക്യാമ്പ് സന്ദർശിക്കുന്ന മന്ത്രി കെ.രാജൻ, മന്ത്രി റോഷി അഗസ്റ്റിൻ )

ഇടുക്കി (പി.ആർ.ഡി) : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെത്തി ഡാം, മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്്ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനം നടത്തിയത്. ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി പലവട്ടം ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് തുടരുന്നതെങ്കിലും 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടിന് സമാനമായി ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മികച്ച ക്രമീകരണമാണ് ജില്ലയില്‍ ഒരുക്കിയത്. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഒരു പൊതു ക്രമീകരണ രീതി (എസ്ഒപി) പ്രഖ്യാപിക്കുകയായിരുന്നു. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ 182 കുടുംബങ്ങളിലെ 3220 പേരെയും കണ്ടെത്തി. 20 ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് നിശ്ചയിച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു നല്‍കി. ഏഴു വില്ലേജുകള്‍ രണ്ടു താലൂക്കുകളില്‍ രണ്ടു ഡെപ്യൂട്ടി കലക്ടര്‍മാരെ പ്രത്യേകമായി നിയമിച്ചു. 

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുളള ദുരന്ത നിവാരണ സമിതിയാണ് ഏകോപന പ്രവര്‍ത്തനം നടത്തിയതെങ്കിലും ഇതൊരു പ്രത്യേക ദൗത്യമായി കണ്ട് ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ പ്രശ്ന സാധ്യതാ പ്രദേശങ്ങളില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളുടേയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചു.

 വെള്ളം ഒഴുകി പോകുന്ന അയ്യപ്പന്‍കോവില്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പുഴയിലെ നീരൊഴുക്ക് തടസ്സങ്ങള്‍ നീക്കി സുഗമമാക്കി. ക്യാമ്പുകളില്‍ മൂന്നു തരത്തിലുള്ള ഒരുക്കങ്ങള്‍ വേണമെന്ന് നിശ്ചയിച്ചു. ഒന്ന് കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ പോകേണ്ട കേസുകള്‍, കോവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായാല്‍ അവരെ ക്വാറണ്ടൈന്‍ ക്യാമ്പായി പ്രത്യേക ക്യാമ്പ്്, മൂന്നാമതായി കോവിഡിന്റെ സകല പ്രോട്ടോകോളും പാലിച്ചുകൊണ്ടുള്ള ക്യാമ്പ്് എന്നിങ്ങനെയാണ്. ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നല്ല ശ്രമമുണ്ടായിട്ടുണ്ട്്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതില്‍ പോലീസിന്റെ നല്ല സഹകരണവും ഉണ്ടായി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഫയര്‍ഫോഴ്സ് സംവിധാനം ഏര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകുരുടെ സേവനം ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സംവിധാനവും ജാഗ്രതയുടെ പാശ്ചാത്തലത്തില്‍ തുടരുന്നുണ്ടെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. നീരൊഴുക്കിന്റെ അളവ്് കൃത്യമായി തിട്ടപ്പെടുത്താന്‍ സമീപകാല മഴയുടെ പ്രത്യേകത കൊണ്ട് കഴിയാത്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രത തുടരണം. 

 ഡാം തുറക്കുന്നതിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ച ക്യാമ്പുകളിലുള്ള രോഗികളേയും വയോജനങ്ങളെയും നവജാത ശിശുക്കളേയും ഗര്‍ഭിണികളേയും ആവശ്യമെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായാരിക്കണം ഭക്ഷണം പാകചെയ്യുന്നതും വിതരണം ചെയ്യുന്നതെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പു വരുത്തണം. കൂടിചേര്‍ന്നുള്ള പാചകത്തേക്കാള്‍ ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തി ക്യാമ്പില്‍ നല്‍കുകയായിരിക്കും കോവിഡിന്റെ പാശ്ചാലത്തില്‍ നല്ലത്. ഡാം തുറന്നിട്ടും പുഴയില്‍ വലിയ നീരൊഴിക്കില്ലെന്നു കരുതി ആരും രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കരുത്. രണ്ടു ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷം ക്യാമ്പ് വിട്ട് പോയാല്‍ മതിയാകും. നിലവിലെ കാലാവസ്ഥാ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ വീട്ടിലേക്ക് മടങ്ങാന്‍ ആരേയും അനുവദിക്കേണ്ടതില്ല. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ്് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മഞ്ജുമല വില്ലേജിലെ മോഹന ഓഡിറ്റോറിയം ക്യാമ്പുകള്‍ റവന്യു മന്ത്രി കെ.രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. 

40 കുടുംബങ്ങളിലെ 113 പേരാണ് മോഹനം ഓഡിറ്റോറിയം ക്യാമ്പിലുള്ളത്. 40 വീതം സ്ത്രീകളും പുരുഷന്‍മാരും 21 കുട്ടികളുമാണിവിടെ ഇന്നലെ ഉച്ചയ്ക്ക് ഉള്ളത്. ഇതില്‍ 12 പേര്‍ 60 ന്് മുകളില്‍ പ്രായമുള്ളവരാണ്. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 25 കുടുംബങ്ങളിലെ 88 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. 30 പുരുഷന്‍മാരും 34 സ്ത്രീകളും 24 കുട്ടികളുമാണിവിടെയുള്ളത്്. ഹെലിബ്രിയ സെന്റ് തോമസ് ചര്‍ച്ച് പാരിഷ് ഹാളില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പേരുണ്ട്. ഒരു പുരുഷനും നാല് സ്ത്രീകളും. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച് എസ് എസില്‍ 17 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഏഴ് കുടുംബത്തിലെ 10 പുരുഷന്‍മാരും ഏഴ് സ്ത്രീകളുമുണ്ടിവിടെ. കെ. ചപ്പാത്ത് സെന്റ് ജോര്‍ജ് പള്ളിയില്‍ 11 കുടുംബങ്ങളിലെ 31 പേരുണ്ട്്. 15 പുരുഷന്‍മാരും 11 സ്ത്രീകളും അഞ്ച് കുട്ടികളും. ഇതില്‍ എട്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും 60 ന് മേല്‍ പ്രായമുള്ളവരാണ്. കരിങ്കുന്നം ഗവ. എല്‍ പി എസിലെ ക്യാമ്പില്‍ 12 കുടുംബത്തിലെ 37 പേരുണ്ട്. 18 പുരുഷന്‍മാരും 13 സ്ത്രീകളും ആറ്്് കുട്ടികളും ഉണ്ട്. 

കാലാവസ്ഥ നിര്‍ദ്ദേശത്തിന്റെ പാശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് നിലവില്‍ വെള്ളം തുറന്നു വിട്ടതുകൊണ്ട് തടസ്സമൊന്നുമുണ്ടാകുന്നില്ല. പക്ഷെ കാലവസ്ഥ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ ശക്തമായ മഴയ്ക്കുള്ള സാഹചര്യം കണക്കാക്കുന്നു. അതുകൊണ്ട് സുരക്ഷ ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കുക. അതിന് സജ്ജമാകുക. അതുകൊണ്ട് ഒന്നോരണ്ടോ ദിവസം കൂടി അറിയിപ്പു കിട്ടുന്നതുവരെ സുരക്ഷിതരായിരിക്കാന്‍ ക്യാമ്പില്‍ തുടരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വള്ളക്കടവ് ചപ്പാത്ത്്, വള്ളക്കടവ് എന്നിവിടങ്ങളിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. 

വാഴൂര്‍ സോമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിമാര്‍ക്കൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു.

Post a Comment

0 Comments