banner

കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന കോഴി മാലിന്യ പ്ലാൻ്റിനായി കോൺഗ്രസ്സ് നേതാവ് 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം

കൊല്ലം : ഓയൂർ, വെളിനെല്ലൂരിൽ സ്വകാര്യ കോഴി മാലിന്യ പ്ലാൻ്റിനെതിരായ സമരത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ സമരത്തിൽ നിന്ന് പിന്മാറാനായി കോഴിമാലിന്യ പ്ലാൻ്റിൻ്റെ  ഉടമസ്ഥരുടെ പക്കൽ നിന്നും പണം വാങ്ങി സമരം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച്  കോൺഗ്രസ്സിൻ്റെ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന ഭാരവാഹി കെപിസിസി പ്രസിഡൻ്റിന് രേഖാമൂലം പരാതി സമർപ്പിച്ചു. 

എന്നാൽ, സമരം അട്ടിമറിക്കുന്നതിനായി തനിക്കെതിരെ വ്യാജ ആരോപണങ്ങളും വ്യാജ പരാതിയും നൽകുകയാണെന്ന്  എം എം നസീർ പ്രതികരിച്ചു. കെ.എസ്‍.യു സംസ്ഥാന ഭാരവാഹിയായ ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് സന്ദർശനം നടത്തിയ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന് നേരിട്ട് കണ്ട് പരാതി നൽകിയത്. 

നിർമാണത്തിലിരിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉടമകളിൽ നിന്നായി കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ  15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിൽ അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നുമാണ് ആദർശിൻ്റെ പരാതിയിൽ ആരോപിക്കുന്നത്. ഇതിൻ്റെ ബാക്കി  നൽകാത്തതിൻ്റെ പേരിലാണ് നസീറിൻ്റെ നേതൃത്വത്തിൽ കോഴിമാലിന്യ പ്ലാൻറിന് മുന്നിൽ സമരം തുടരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പണം തങ്ങൾ നൽകിയെന്ന് വാദമുയർത്തി പ്ലാൻ്റ് സംരഭകനും രംഗത്തെത്തി. എന്നാൽ ജനജീവിതം ദുസഹമാക്കുന്ന പ്ലാൻ്റിനെതിരെ സമരം നടത്തിയതിൻ്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്. പ്ലാൻ്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെഎസ്‍യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ആരോപിക്കും വിധം പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തുവന്ന ഫോൺ രേഖയിൽ ഇല്ല എന്നതാണ് അറിവ്. വാദങ്ങൾക്കു പിന്നിൽ സിപിഎം പ്രാദേശിക നേതൃത്വവും ചേർന്നുള്ള കളിയാണെന്നാണ് ആണെന്നാണ് എം എം നസീറിൻ്റെ വിശദീകരണം. പരാതി അന്വേഷിക്കാൻ കൊല്ലത്തിൻ്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് 

Post a Comment

0 Comments