banner

ആറംഗ കുടുംബത്തെ ഒന്നാകെ മണ്ണിനടിയിലാക്കി ഉരുൾപൊട്ടൽ, മൃതദേഹം കണ്ടെത്തി

കോട്ടയം : കൂട്ടിക്കലിലെ ഉരുള്‍പൊട്ടലിൽ ഒരുകുടുംബത്തെ ഒന്നാകെ മണ്ണിനടിയിലാക്കി പ്രകൃതിയുടെ വികൃതി. ഇരകളായത് കുടുംബത്തിലെ ആറ് പേർ.

ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ കുടുംബമാണ് പ്രകൃതിയുടെ അപ്രതീക്ഷിത വരവിൽ മണ്ണിനടിയിലായത്. മാർട്ടിനും ഭാര്യയും  ഇവരുടെ മക്കളായ സ്‌നേഹ, സോന, സാന്ദ്ര, മാർട്ടിൻ്റെ മാതാവ് അന്നക്കുട്ടി തുടങ്ങിയവർക്കാണ് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായത്. 

അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴനിലനിന്നിരുന്നതിനാൽ  ആറ് പേരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മക്കളായ മൂവരും വിദ്യാര്‍ത്ഥികളാണ്.
വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവരുടെ മൃതദേഹം കണ്ടെത്തി. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഗൃഹനാഥനായ മാര്‍ട്ടിന്‍. ഇദ്ദേഹത്തിൻ്റെ പിതാവ് കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് അന്തരിച്ചിരുന്നു.

അതേ സമയം, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൂട്ടിക്കലടക്കം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും.

Post a Comment

0 Comments