ന്യൂഡൽഹി : നീണ്ട ആറ് മണിക്കൂറുകളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി സമൂഹമാധ്യമലോകം. പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. എന്നാൽ മെസഞ്ചറിലെ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ അറിയിച്ചു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം എത്രയുംവേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് പ്രതികരിച്ചിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.
ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ, യുഎസ് സർക്കാർ ഫെയ്സ്ബുക്കിനെതിരെ ഫയൽ ചെയ്ത അവിശ്വാസ കേസ് പിൻവലിക്കണമെന്നു കോടതിയോട് ഫെയ്സ്ബുക് ആവശ്യപ്പെട്ടു. കൗമാരക്കാരെ മോശമായി സ്വാധീനിക്കുന്ന പരസ്യങ്ങൾ ഫെയ്സ്ബുക് പ്രസിദ്ധീകരിക്കുന്നതായി കണ്ടെത്തിയിരുന്നു.
0 Comments