Latest Posts

ദുരിതത്തിലായവർക്ക് അടിയന്തര സഹായമെന്ന് മന്ത്രി വി.എൻ വാസവൻ, നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങി

കോട്ടയം ജില്ലയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി. പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തരമായി നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് പറഞ്ഞു. 

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 22 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.

ഇടുക്കിയിൽ ഫൗസിയയുടേയും മകൻ അമീൻ സിയാദിന്റെയും മൃതദേഹമാണ് ഒടുവിലായി ലഭിച്ചത്. ഇനി ലഭിക്കാനുള്ളത് സച്ചു ഷാഹുലിന്റെ മൃതദേഹമാണ്.

കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 373 പേരാണ് കഴിയുന്നത്. 88 കുടുംബങ്ങളെ മല്ലപ്പള്ളിയിൽ മാറ്റി പാർപ്പിച്ചു. കോഴഞ്ചേരിമല്ലപ്പള്ളി റൂട്ടിൽ ഉൾപ്പെടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

0 Comments

Headline