banner

പണവും മൊബൈൽ ഫോണും മോഷണം പോയ കേസിൽ തൃക്കരുവ കാഞ്ഞാവെളി സ്വദേശി അറസ്റ്റിൽ

പള്ളിക്കൽ : പള്ളിക്കൽ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ചായക്കടയിൽ നിന്ന് 4000 രൂപയും 11000 രൂപയുടെ മൊബൈൽ ഫോണും മോഷണം പോയതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ തൃക്കരുവ , കാഞ്ഞാവെളി സ്വദേശി റഫീഖ് (40)നെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്. 

ഈ മാസം പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മോഷണം പോയ വിവരം അറിഞ്ഞ ചായക്കട ഉടമസ്ഥ ഉടൻ തന്നെ പള്ളിക്കൽ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരികയായിരുന്നു. 

മോഷണം നടന്നു എന്ന് കരുതപ്പെടുന്ന സമയത്ത് നീണ്ട ജുബ്ബയുമിട്ട് കൈയിൽ ഒരു ഫയലുമായി ഒരു ചെറുപ്പക്കാരൻ ആളില്ലാത്ത സമയത്ത് കടയിൽ കയറി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മറ്റ് ക്യാമറയിൽ നടത്തിയ പരിശോധനയിൽ പ്രതി കടയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പേഴ്സിൽ നിന്ന് പണവും മോഷ്ടിക്കുന്നത് കണ്ടെത്തുകയായിരുന്നു. മോഷണശേഷം പ്രതി ഓട്ടോയിൽ കയറി കെ.കെ കോണത്ത് ഇറങ്ങിപ്പോയതായും പോലീസ് കണ്ടെത്തി പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

എന്നാൽ ദൃശ്യങ്ങൾ ഷെയർ ചെയ്തതു മൂലം ഇത് കാണാൻ ഇടയായ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിക്ക് രഹസ്യ വിവരം ലഭിച്ചു, തുടർന്ന് കൊല്ലം കളപ്പാടം എന്ന സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കള്ളത്തരങ്ങളും സുഖമില്ലായ്മയും പറഞ്ഞ് വീടുകളിൽ നിന്ന് പണപ്പിരിവ് നടത്തുകയും തക്കം കിട്ടുമ്പോൾ മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതിയെന്ന് പോലീസ് അറിയിച്ചു. 

കഴക്കൂട്ടം, അഞ്ചാലുംമൂട്, വർക്കല എന്നീ സഥലങ്ങളിൽ പ്രതിക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. പള്ളിക്കൽ സി.ഐ ശ്രീജിത്ത് .പി യുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ .എം, എ. എസ്.ഐ അനിൽകുമാർ സി.പി.ഒ മാരായ സുജിത്ത് , രജിത് , നിയാസ് , സുധീർ , സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പകൽ സമയം വീടുകളിൽ പണപ്പിരിവിനായി വരുന്നവരെ സൂക്ഷിക്കണമെന്ന് പള്ളിക്കൽ സി.ഐ ശ്രീജിത്ത് .പി അറിയിച്ചു.

Post a Comment

0 Comments