banner

'അമ്മയെ കൊന്നു, പിന്നാലെ മകനെയും'; തെളിവെടുപ്പിനിടെ പൊലീസുകാരനെ മർദ്ദിക്കാനും ശ്രമം: തിരുവനന്തപുരത്ത് നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ!

തിരുവനന്തപുരം : കൊല ചെയ്ത് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഏറെ
കോളിളക്കം സൃഷ്ടിച്ച കീഴായിക്കോണം പ്രദീപ് കൊലക്കേസിലെ പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തുകൊണ്ടുവന്നപ്പോഴാണ് പ്രതികളൊരാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് വഴിതെളിച്ചു.

2015 മാർച്ചിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഒരു പുരയിടത്തിൽ കഴുത്തിൽ തുണി കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രദീപിന്റെ ശരീരത്തില്‍ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. 

കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് പ്രദീപിന്റെ അമ്മയായ സുശീലയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് സംഘം സുശിലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാജവാറ്റ് സംഘത്തെ കുറിച്ച് പരാതി കൊടുത്തതിലുള്ള പ്രതികാരമായാണ് സ്ഥലവാസികളായ പുഷ്പാംഗദൻ, വിനീഷ് എന്നിവർ ചേർന്ന് സുശീലയെ കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു മകൻ പ്രദീപ്. 

സുശീല വധക്കേസിന്റെ വിചാരണയുടെ തൊട്ടു മുൻപായിരുന്നു പ്രദീപ് കൊല ചെയ്യപ്പെടുന്നത്. പ്രദീപ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേർ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ കേസന്വേഷണം വെഞ്ഞാറമൂട് പൊലീസിൽ നിന്നും ഡിസിആർബി ഡിവൈഎസ്പി വിജുകുമാറിന് കൈമാറി. വർഷങ്ങള്‍ക്കുശേഷം ഒരു സ്ഥലവാസി നൽകിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കൊന്നവർ തന്നെയാണ് മകനെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. 

സുശീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൂടാതെ, ഇവരെ സഹായിച്ച ബന്ധുക്കളായ അഭിലാഷ് , സുരേഷ് എന്നിവരെയും അറസ്റ്റിലായിരുന്നു. സുശീല വധക്കേസിലെ പ്രതികള്‍ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. പ്രദീപിനെ ആക്രമിച്ച ശേഷമാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ സ്ഥലങ്ങളിൽകൊണ്ടുവന്നു തെളിവെടുപ്പ് നടത്തുന്നതിനിടെ സുരേഷെന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്യാൻ ശ്രമക്കുകയും ചെയ്തു. മദ്യത്തിന് അടിമയായ ഇയാള്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മദ്യം ലഭിക്കാത്തിനാൽ അസ്വസ്ഥ പ്രകടിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments