banner

ബൈക്ക് ഒലിച്ചുപോയി, ഡാം തുറന്ന് വിട്ടതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു


പാലക്കാട് പെരുമാട്ടിയിലാണ് സംഭവം.  മൂലത്തറ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ ഏറെ നേരം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വിട്ടിരുന്നു. ഡാമിന് താഴെ സ്‌ഥിതിചെയ്യുന്ന നിലംപതി പാലത്തിലൂടെ ബൈക്കുമായി പോയപ്പോഴാണ് മുനിയപ്പൻ ശക്‌തമായ ഒഴുക്കിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ നിലംപതി പാലം താൽക്കാലികമായി അടച്ചിട്ടു. ഡാമിലെ വെള്ളത്തിന്റെ ശക്‌തമായ ഒഴുക്ക് കാരണം പാലത്തിലൂടെ സഞ്ചരിച്ച മുനിയപ്പനും ബൈക്കും പാലത്തിന് താഴേക്ക് ഒലിച്ചുപോവുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മുനിയപ്പൻ പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചു നിന്നെങ്കിലും കരയിലേക്ക് നീന്താൻ സാധിച്ചിരുന്നില്ല. തുടർന്ന്, അഗ്‌നിരക്ഷാ സേനയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.

ചിറ്റൂർ അഗ്‌നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ എം രമേഷ് കുമാർ, ഓഫിസർമാരായ കെ അപ്പുണ്ണി, ബിആർ അരുൺ കുമാർ, പിഎസ് സന്തോഷ് കുമാർ, എസ് രമേശ്, വി രമേശ്, പിഎം മഹേഷ്, എൻആർ റഷീദ്, എം സജിൻ, പിസി ദിനേശ്, ഹോംഗാർഡുമാരായ എം രവി, സി ഗോപാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. മീനാക്ഷിപുരം പോലീസ് സംഭവസ്‌ഥലം സന്ദർശിച്ചു.

Post a Comment

0 Comments