banner

സെലിബ്രിറ്റിയായ മോഷ്ടാവ് വീണ്ടും പൊലീസ് പിടിയിലായി, വിനയായത് മാധ്യമ വാർത്തകൾ


ആര്യൻഖാനൊപ്പം ജയിലിൽ കിടന്ന് പ്രസിദ്ധിയാർജ്ജിച്ച മോഷ്ടാവ് ഇപ്പോൾ വീണ്ടും പിടിയിലായിരിക്കുകയാണ്. ശ്രാവൺ നാടാർ എന്നയാളെയാണ് കഴിഞ്ഞ ദിവസം മറ്റൊരു മോഷണക്കേസിൽ വീണ്ടും പൊലീസ് പിടികൂടിയത്. മാട്ടുംഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതും ആര്‍തര്‍ റോഡ് ജയിലില്‍ തടവിൽ ശിക്ഷിച്ചത്. 

അതിലെന്താണ് ഇത്ര വാർത്തയെന്ന് ചിന്തിക്കാൻ വരട്ടെ ഈ കഥയൊന്ന് വായിക്കൂ....

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനുമൊത്ത് ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലണ് നാടാർ മാധ്യമങ്ങളുമായി പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസം ആര്യൻ ഖാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു മാധ്യമങ്ങൾ. എന്നാൽ അന്ന് കോടതി നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മോചന നടപടികൾ വൈകി. ഇതിനിടെ ഒരാൾ ആര്യനെ സുഹൃത്ത് എന്ന് വിളിച്ച് നിരവധി വാർത്താ ചാനലുകൾക്ക് മുന്നിൽ എത്തി. 44 കാരനായ ശ്രാവൺ നാടാർ പറയുന്ന കഥ പ്രകാരം ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ വണ്ണിലാണ് മോഷണക്കേസിലെ പ്രതിയായി നാടാറും ക്രൂയിസ് ഡ്രഗ്സ് പാർട്ടി കേസിൽ പ്രതിയായ ആര്യൻ ഖാനും തടവിൽ കഴിഞ്ഞു വന്നത്.

തന്നെയും ആര്യനെയും ജയിലിലേക്ക് കൊണ്ടുവന്നത് ഒരേ ദിവസമാണെന്നും നാടാർ പറഞ്ഞു. ഒരാഴ്ച മുൻപാണ് നാടാർ ഒരു മോഷണക്കേസിൽ ജാമ്യം നേടിയത്. ഇതിനിടെ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചു. ഈക്കാര്യം വാർത്ത ചാനലിലൂടെ അറിഞ്ഞ ശ്രാവൺ നാടാർ ഉടൻ ആർതർ റോഡ് ജയിൽ സമുച്ചയത്തിൽ എത്തി. ഇതിനെല്ലാം ഇടയിൽ അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് നാടാർ പറഞ്ഞു, ' താനും ഈയടുത്താണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തന്നെയും ആര്യനെയും ഒരേ ബാരക്കിലാണ് പാർപ്പിച്ചത്. 'ആദ്യം ജയിലിൽ വന്നപ്പോൾ ആര്യൻ ഖാൻ കരഞ്ഞിരുന്നു' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ നിറഞ്ഞ ശ്രാവൺ നാടാറിനെ ടി.വിയിലൂടെ കണ്ട ജുഹു പോലീസ് സ്റ്റേഷൻ അധികാരികൾക്ക് സന്തോഷമായി. കാരണം ഇദ്ദേഹത്തെ മറ്റൊരു മോഷണക്കേസിൽ അവർ തിരയുകയായിരുന്നു. ജുഹു പോലീസ് സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ചിൻ്റെ സഹായത്തോടെ നാടാറിനെ ജുഹു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഭിച്ച വിവരമനുസരിച്ച് ഇയാൾക്കെതിരെ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "ആര്യന് വ്യത്യസ്തമായ പരിഗണനയൊന്നും നൽകുന്നില്ല, എല്ലാ തടവുകാരും ജീവിക്കുന്നതുപോലെ, അവനും ജയിലിലാണ്. ഞാനും ആര്യനും ബാരക്ക് നമ്പർ 1 ൽ ആയിരുന്നു എന്നും അഭിമുഖത്തിനിടെ ശ്രാവൺ നാടാർ പറഞ്ഞിരുന്നു.

Post a Comment

0 Comments