banner

വിവാദമായ ഉത്ര വധക്കേസില്‍ നാളെ കോടതി വിധി പറയും, വധശിക്ഷ നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍

കൊല്ലം : ഒരു വർഷത്തോളം നീണ്ട് നിന്ന വിവാദമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. സ്വത്തിനും പണത്തിനും വേണ്ടി ഉത്രയെ ഭര്‍ത്താവായ സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപാതകം നടത്തിയെന്നാണ് കേസ്. സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

വിചാരണയ്‌ക്കായി ഈ കേസിൽ ഒരു വര്‍ഷത്തോളം സമയമെടുത്തിരുന്നു. അളന്ന് മുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റക്കാരെ വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ പൊലീസിന് കോടതിക്ക് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞങ്കിലും ആദ്യഘട്ടത്തിലെ തെളിവിൻ്റെ അഭാവം മൂലമാണ് വിചാരണാ കാലാവധി നീണ്ടു പോയത്.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രഖ്യാപനം നടത്തുക. രാജ്യത്തെ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വതകള്‍ നിറഞ്ഞ കേസിലാണ് നാളെ കോടതി വിധി പ്രഖ്യാപിക്കുക. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

Post a Comment

0 Comments