banner

അതിശക്തമായ മഴ; ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ ഫോണില്‍ ലഭ്യമായിരിക്കണമെന്ന് നിർദ്ദേശം, ജാഗ്രത അനിവാര്യമെന്ന് ജില്ലാ കളക്ടർ

കൊല്ലം : മഴക്കെടുതി നേരിടാന്‍ തയ്യാറെടുപ്പ് നടത്തിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ലാ കളക്ടർ അഫ്സാന പർവീൻ അറിയിച്ചു. ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശം നൽകിയതായും കളക്ടർ ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍11, 12 ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 204.40 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒക്ടോബര്‍ 14,15 തീയതികളില്‍ മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം. കെ.എസ്.ഇ.ബി, പോലീസ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങിയവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ ഫോണില്‍ ലഭ്യമായിരിക്കണം. താലൂക്ക്തല ജാഗ്രതാ നടപടികളും കൈക്കൊള്ളണം.
ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കെ മരച്ചില്ലകള്‍ മുറിച്ച് നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണം. ആശുപത്രികളില്‍ തടസ്സരഹിത വൈദ്യുതി കെ. എസ്. ഇ. ബി. ഉറപ്പാക്കണം. ഇവിടങ്ങളില്‍ ജനറേറ്റര്‍ സംവിധാനവും ആശുപത്രി അധികൃതര്‍ ഒരുക്കണം. താലൂക്ക് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവം. അഞ്ചു പേരെങ്കിലും ഡ്യൂട്ടിയല്‍.
മണ്ണുമാന്തി, ക്രെയിന്‍ സംവിധാനം ഗതാഗത വകുപ്പ് ഒരുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കാവുന്ന കെട്ടിടങ്ങള്‍ ഒരുക്കും. വില്ലേജ് ഓഫീസര്‍മാര്‍ ഇവയുടെ താക്കോല്‍ കൈവശം വയ്ക്കും. ഖനന പ്രവര്‍ത്തനങ്ങളെല്ലാം ഇനിയൊരു അറിയിപ്പ് ലഭിക്കും വരെ നിറുത്തി വയ്ക്കാൻ ഉത്തരവ് നൽകി.
വാര്‍ത്താവിനിമയം ഇടതടവില്ലാതെ ബി. എസ്. എന്‍. എല്‍. ലഭ്യമാക്കും. സാമൂഹ്യ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. 

ആംബുലന്‍ സൗകര്യം ഡി. എം. ഒ ഉറപ്പാക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ ഭക്ഷ്യധാന്യങ്ങള്‍ കരുതി വയ്ക്കണമെന്നാണ് നിർദ്ദേശം.
ആളുകളെ മാറ്റേണ്ട സാഹചര്യം കണക്കിലെടുത്ത് കെ. എസ്. ആര്‍. ടി. സി ആവശ്യമായ ക്രമീകരണം നടത്തും.
ജനങ്ങള്‍ കഴിയുന്നതും വീടിനുള്ളില്‍ കഴിയണം. അപകടമേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ബീച്ചുകളിലോ മറ്റ് ജനസ്രോതസുകളിലേക്കോ പോകരുത്. കുട്ടികളേയും ഇത്തരം സ്ഥലങ്ങളിലേക്ക് വിടരുത് എന്നീ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Post a Comment

0 Comments